ഇരിങ്ങാലക്കുട : ജില്ലാ കോടതിയിൽനിന്ന് മൊബൈൽഫോൺ മോഷ്ടിച്ച പ്രതിയെ ഇരിങ്ങാലക്കുട സൈബർ ക്രൈം പോലീസ് പിടികൂടി. കൊടുങ്ങല്ലൂർ അഴീക്കോട് മണപ്പുറത്ത് വീട്ടിൽ മുഹമ്മദ് ഷഹീറി(37)നെയാണ് സൈബർ സി.െഎ. പി.െക. പദ്‌മരാജൻ, പോലീസ് സി.ഐ. എസ്.പി. സുധീരൻ എന്നിവർ അടങ്ങിയ സംഘം കൊടുങ്ങല്ലൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.

24-ന് രാവിലെയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ കോടതിയിലെ ജീവനക്കാരി, ജഡ്ജിയുടെ ചേംബറിനു മുൻവശത്ത് വെച്ചിരുന്ന ഫോണാണ് പ്രതി മോഷ്ടിച്ചത്.

മോഷ്ടിച്ച ഉടനെ പ്രതി ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. വിവാഹബന്ധം വേർപ്പെടുത്തുന്ന കേസുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് ഷഹീർ കോടതിയിലെത്തിയത്. ഫോൺ നഷ്ടപ്പെട്ടതിനെത്തുടർന്ന് കോടതി ജീവനക്കാരി ഇരിങ്ങാലക്കുടയിലുള്ള സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മോഷ്ടിച്ച ഫോൺ കൊടുങ്ങല്ലൂർ തെക്കേനടയിലുള്ള ഒരു മൊബൈൽ ഷോപ്പിൽ കൊടുത്ത് അൺ ലോക്ക് ചെയ്യുകയും തുടർന്ന് ആ കടയിൽത്തന്നെ അയ്യായിരം രൂപക്ക് വിൽക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അഴീക്കോട് ജെട്ടിയിൽനിന്ന് അറസ്റ്റുചെയ്തത്. അന്വേഷണ സംഘത്തിൽ സൈബർ എസ്.ഐ. സി. ചിത്തരഞ്ജൻ, സീനിയർ സി.പി.ഒ. മനോജ് എ.കെ., സൈബർ വിദഗ്ധരായ ഷനൂഹ് സി.കെ., ഹസീബ് കെ.എ. എന്നിവരും ഉണ്ടായിരുന്നു.