ചാലക്കുടി : തൃശ്ശൂർ ടൗണിൽനിന്ന്‌ മോഷ്ടിച്ച മൊബൈലുമായി തമിഴ്നാട് സ്വദേശി പിടിയിൽ. കന്യാകുമാരി മുരുന്നംപാറൈ സ്വദേശി ജ്ഞാനദാസൻ (ദാസൻ-49) ആണ് പിടിയിലായത്. ചാലക്കുടി എസ്.എച്ച്്.ഒ. കെ.എസ്. സന്ദീപും സംഘവുമാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം തൃശ്ശൂർ ടൗണിൽ എത്തിയ പാലക്കാട് സ്വദേശിയുടെ മൊബൈൽ ഫോണാണ് നഷ്ടപ്പെട്ടത്. ബസിൽ കയറാൻ ശ്രമിക്കുമ്പോഴാണ് വിലകൂടിയ മൊബൈൽഫോൺ മോഷണം പോയതായി അറിഞ്ഞത്.

വീണുപോയതാവാമെന്ന ധാരണയിൽ പരിസരത്താകെ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. മറ്റൊരു ഫോണിൽ വിളിച്ചു നോക്കിയെങ്കിലും രണ്ട് റിങ്ങിനുശേഷം സ്വിച്ചോഫായി. തുടർന്ന് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിനിടയിൽ ചാലക്കുടിയിലെത്തിയ മോഷ്ടാവ് ഫോണിൽനിന്ന്‌ സിം കാർഡ് ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ രണ്ട് യുവാക്കളുടെ സഹായംതേടി. സംശയം തോന്നിയ യുവാക്കൾ വിവരം പോലീസ് സ്റ്റേഷനിലറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.