മലക്കപ്പാറ : ആനമല റോഡിൽ യാത്രക്കാരുടെ പേടിസ്വപ്‌നമായ അമ്പലപ്പാറയിലെ കൊമ്പൻ വീണ്ടുമെത്തി. ആരേയും കൂസാതെ റോഡിൽനിന്ന് മാറാതെ ഒരു മണിക്കൂറിലേറെ വാഹനങ്ങൾ തടഞ്ഞിട്ടു. വലിയ ലോറിയും കെ.എസ്.ആർ.ടി.സി. ബസും വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും വാഹനങ്ങളും ഇരമ്പിപ്പിച്ചിട്ടും ആന ഇളകിയില്ല. അവസാനം നാട്ടുകാർ കമ്പിൽ തുണി കെട്ടി തീപ്പന്തമുണ്ടാക്കി വീശി ബഹളം വച്ചപ്പോൾ മാത്രമാണ് കൊമ്പൻ പതുക്കെ കാട്ടിലേക്ക് കയറിയത്.

ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ അമ്പലപ്പാറ നെല്ലിക്കുന്ന് ഭാഗത്ത് റോഡരികിലെ പന കടപുഴക്കി മറിച്ചിട്ട് തിന്നുകയായിരുന്നു കൊമ്പൻ. സാധാരണ ലോറിയും ബസും പോലുള്ള വലിയ വാഹനങ്ങൾ വരുമ്പോൾ ആനകൾ റോഡിൽനിന്ന് മാറി വഴികൊടുക്കുകയാണ് പതിവ്. എന്നാൽ പതിവുതെറ്റിച്ച് ആന റോഡിൽനിന്ന് മാറാതെ നിന്നു. വാഹനങ്ങൾ മുന്നോട്ടെടുത്തപ്പോൾ വാഹനത്തിന് നേരെ വന്നു. ഏറെനേരം കാത്തുനിന്നിട്ടും ആന മാറാതെയായപ്പോഴാണ് സഹികെട്ട് നാട്ടുകാർ എട്ടുമണിയോടെ തീപ്പന്തവുമായി ഇറങ്ങിയത്. തീ കണ്ടപ്പോൾ ആന കാട്ടിലേക്ക് പിൻവലിഞ്ഞു.

നേരത്തെ പട്ടാപ്പകൽ രണ്ടുവട്ടം ഇരുചക്രവാഹന യാത്രക്കാരെ ഈ ആന ആക്രമിച്ചിരുന്നു. ബൈക്കുപേക്ഷിച്ച് ഓടിയതിനാൽ ഭാഗ്യംകൊണ്ടാണ് യാത്രക്കാർ രക്ഷപ്പെട്ടത്. ബൈക്ക് തകർക്കാനും ശ്രമിച്ചിരുന്നു. നാളുകൾക്കു ശേഷമാണ് ഈ കൊമ്പൻ ചൊവ്വാഴ്ച രാത്രി വീണ്ടും റോഡിലെത്തിയത്. രാത്രി ഒൻപത് മണിയോടെ ചാലക്കുടിയിലെത്തേണ്ട മലക്കപ്പാറ കെ.എസ്.ആർ.ടി.സി. ബസ് എത്തിയത് പത്ത് മണിക്ക് ശേഷമാണ്.