തൃശ്ശുർ : നടുറോഡിൽ കാളകളുടെ പോരിൽ വാഹനങ്ങൾ നട്ടംതിരിഞ്ഞു. ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കാളകൾ ചെറുറോഡിലേക്ക് നീങ്ങിയതോടെയാണ് തടസ്സം തീർന്നത്. ബുധനാഴ്ച വൈകീട്ട് 5.30-ഓടെ വടക്കേ സ്റ്റാൻഡിനു മുന്നിലെ റോഡിലാണ് സംഭവം.

റോഡിൽ തലങ്ങും വിലങ്ങും നീങ്ങിക്കൊണ്ടായിരുന്നു ഏറ്റുമുട്ടൽ. അഞ്ചു മിനിറ്റിലധികം ഇവ തിരക്കുള്ള റോഡിൽ കൊമ്പുകോർത്തു. പോലീസും കാഴ്ചക്കാരും ശ്രമിച്ചിട്ടും പിന്തിരിപ്പിക്കാനായില്ല.

ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഹോൺ അടിച്ച് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അതും നടന്നില്ല. എങ്ങോട്ടും കുതിച്ചുപായാവുന്ന രീതിയിലായിരുന്നു ഇവയുടെ നിൽപ്പ്‌. ഒടുവിൽ കൊമ്പുകോർത്തുകൊണ്ടുതന്നെ ഇവ ചെറുറോഡിലേക്ക് നീങ്ങി.