തൃശ്ശൂർ : ആറുമാസത്തിനു ശേഷം വെള്ളിത്തിരയിൽ സിനിമയുടെ തെളിച്ചം. കോവിഡിനെത്തുടർന്ന് ഏപ്രിൽ 28-ന് അടച്ച തിയേറ്ററുകൾ നിയന്ത്രണങ്ങളോടെ തുറന്നപ്പോൾ പ്രതീക്ഷിച്ച തിരക്കുണ്ടായില്ല. പ്രദർശിപ്പിച്ചതെല്ലാം മറ്റ്‌ ഭാഷാചിത്രങ്ങൾ. മലയാളസിനിമകൾ എത്തിയാൽ കാണികൾ ഇടിച്ചുകയറുമെന്ന പ്രതീക്ഷയിലാണ് തിയേറ്റർ ഉടമകൾ.

രാഗത്തിൽ 'വെനം', ശ്രീയിൽ 'ഷാങ്ചി'

തൃശ്ശൂർ നഗരത്തിലെ രാഗം, കൈരളി, ശ്രീ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചത് മറ്റ്‌ ഭാഷാ സിനിമകൾ. വാക്‌സിൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചാണ് രാഗത്തിൽ കാണികളെ പ്രവേശിപ്പിച്ചത്. 12-നും മൂന്നിനും 6.30-നും രാത്രി 9.30-നുമായി 'വെനം' എന്ന ഇംഗ്ലീഷ് സിനിമയാണ് പ്രദർശിപ്പിച്ചത്. 550 ഇരിപ്പിടങ്ങളുള്ള തിയേറ്ററിൽ 275 പേർക്കാണ് ടിക്കറ്റ് നൽകിയത്. ബാൽക്കണിയിലിരുന്ന് 96 പേരും സിനിമ കണ്ടു. കാന്റീനും ഭക്ഷണ കൗണ്ടറുകളുമെല്ലാം പ്രവർത്തിച്ചു.

കൈരളിയിൽ 'നൊ വൺ ടു ഡൈ' എന്ന സിനിമ പ്രദർശിപ്പിച്ചു. രജിസ്റ്ററിൽ പേരും വാക്‌സിൻ സർട്ടിഫിക്കറ്റുമെല്ലാം രേഖപ്പെടുത്തിയായിരുന്നു പ്രവേശനം. ശ്രീയിൽ ചൈനീസ് ഭാഷയിലെ 'ഷാങ്ചി' ആയിരുന്നു സിനിമ. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജോസ് തിയേറ്റർ തുറന്നില്ല. തുറക്കാൻ ഡിസംബറോ ജനുവരിയോ ആവണം.

മുൻഗണന ഓൺലൈൻ ബുക്കിങ്ങിന്

ഇരിങ്ങാലക്കുടയിലെ ചെമ്പകശ്ശേരി, മാസ്, ജെ.കെ. സിനിമാസ് എന്നീ തീയേറ്ററുകളിൽ ഇംഗ്ലീഷ് ചിത്രങ്ങളായതിനാൽ തിരക്ക് കുറഞ്ഞു. തിയേറ്ററിലേക്കു കയറുംമുമ്പ് അണുമുക്തമാക്കണം. മാസ്ക് നിർബന്ധം. ചെമ്പകശ്ശേരിയിൽ വ്യാഴാഴ്ച മുതൽ തമിഴ്‌ചിത്രവും വെള്ളിയാഴ്ച മലയാളവും പ്രദർശനത്തിനെത്തും. ഓൺലൈൻ വഴിയുള്ള ടിക്കറ്റ് ബുക്കിങ്ങിനാണ് മുൻഗണന. കൗണ്ടർ വഴിയും ലഭിക്കും. കാന്റീൻ, ഫുഡ് കോർട്ട് എന്നിവയില്ല. ഇരിങ്ങാലക്കുട മാസിൽ വെള്ളിയാഴ്ച മലയാളചിത്രം എത്തും. ഫുഡ് കോർട്ട് തുറന്നെങ്കിലും ഭക്ഷണം കൊണ്ടുപോവാനാവില്ല. ഇരിങ്ങാലക്കുട ജെ.കെ. സിനിമാസിൽ വെള്ളിയാഴ്ച മുതൽ തമിഴ് ചിത്രങ്ങളെത്തും.

പ്രദർശനം തുടങ്ങാതെ

ഗുരുവായൂരിലെ മൂന്നു തിയേറ്ററുകളിലും പ്രദർശനംതുടങ്ങിയില്ല. അപ്പാസിൽ വ്യാഴാഴ്ച തമിഴ് സിനിമ 'ഡോക്ടർ' ആണ്. ആദ്യദിവസം കൗണ്ടർ വഴിയാണ് ടിക്കറ്റ് . ജയശ്രീയിൽ വെള്ളിയാഴ്ച ഇംഗ്ലീഷ് സിനിമ പ്രദർശിപ്പിക്കും. ദേവകി തിയേറ്റർ അടുത്ത ആഴ്ചയേ തുറക്കൂ. മൂന്നിടത്തും ചായയും ലഘുഭക്ഷണവും ഉണ്ടാകും.

വടക്കാഞ്ചേരിയിൽ ബുധനാഴ്ച എവിടെയും പ്രദർശനമുണ്ടായില്ല. നീണ്ട ഇടവേള കഴിഞ്ഞ് തുറക്കുമ്പോൾ ആകർഷകമായ പടങ്ങളല്ലെങ്കിൽ ദോഷം ചെയ്യുമെന്നതാണ് കാരണം. പുതിയ മലയാളചിത്രങ്ങൾ ഡിസംബർ 12-ന് പ്രദർശിപ്പിക്കാനാണ് സാധ്യത. കൊടുങ്ങല്ലൂരിലും തിയേറ്ററുകൾ തുറന്നില്ല. ശ്രീകാളിശ്വരി സിനിമാസ് വ്യാഴാഴ്ച തുറക്കും. മൂന്ന് തിയേറ്ററുകളുള്ള കാർണിവെൽ, മേനക എന്നിവ തുറന്നില്ല. അറ്റകുറ്റപ്പണി പൂർത്തിയായാൽ ലക്ഷ്മി സിനിമാസ് തുറക്കും. പെരിങ്ങോട്ടുകര ദേവ സിനിമാസിൽ വെള്ളിയാഴ്ചയാണ് പ്രദർശനം. ചാലക്കുടിയിലും ഒല്ലൂരിലെ ഫൺ മൂവീസിലും പ്രദർശനമുണ്ടായില്ല.

ഗാനത്തിൽ ശീതളപാനീയം മാത്രം

വളർക്കാവ് ഗാനം മൂവീസിൽ രണ്ട് ഇംഗ്ലീഷ് ചിത്രങ്ങൾ പ്രദർശിപ്പിച്ചെങ്കിലും പ്രേക്ഷകർ കുറവായിരുന്നു. കാന്റീനിൽ ശീതളപാനീയങ്ങൾ മാത്രമാണ് നൽകിയത്. മലയാളം സിനിമ എന്ന് പ്രദർശിപ്പിക്കുമെന്ന് തീരുമാനിച്ചില്ല. ഊരകത്ത് 'ശിവദം' എന്ന രണ്ട് തിയേറ്ററുകളിൽ ഇംഗ്ലീഷ് സിനിമയായിരുന്നു. ഓൺലൈൻ വഴിയാണ് ടിക്കറ്റ് വിൽപ്പന കൂടുതലും. ബുധനാഴ്ച ഇംഗ്ലീഷ് ചിത്രമായിരുന്നു. വ്യാഴാഴ്ച തമിഴും വെള്ളിയാഴ്ച മലയാളം സിനിമയുമാണ്. മാള ഗംഗ മൂവീസിലും കാണികൾ കുറഞ്ഞു.

ഇടവിട്ട് ഫോഗിങ്; ഹാളിനു മുമ്പിൽ സാനിറ്റൈസർ

തൃപ്രയാർ ജെ.കെ. സിനിമാസിൽ ഇടവിട്ട് ഫോഗിങ്ങ്‌ നടത്തും. ഹാളിനു മുമ്പിൽ സാനിറ്റൈസറുണ്ട്. ബുധനാഴ്ച ഇംഗ്ലീഷ് സിനിമയായിരുന്നു. വ്യാഴാഴ്ച തമിഴും വെള്ളിയാഴ്ച മലയാളസിനിമയുമെത്തും. തളിക്കുളം കാർത്തികയിൽ വെള്ളിയാഴ്ച മുതൽ മലയാളം സിനിമയെത്തും. ഓൺലൈനായി മാത്രമേ ടിക്കറ്റ് ലഭിക്കൂ. തൃപ്രയാർ ശ്രീരാമ തിയേറ്റർ തുറക്കാൻ നാലാഴ്ച കഴിയണം. വാടാനപ്പിള്ളി ജവഹർ തിയേറ്റർ അറ്റകുറ്റപ്പണിക്ക് പൂട്ടി.