വാക : കാന കോരിയ മണ്ണെടുത്ത് സ്വകാര്യവ്യക്തിയുടെ ചതുപ്പ് സ്ഥലം നികത്തിയതായി പരാതി. വാക കാർത്ത്യായനി ക്ഷേത്രത്തിനു സമീപം കാന കോരുന്ന മണ്ണ് സ്വകാര്യവ്യക്തിയുടെ ചതുപ്പ് സ്ഥലത്ത് നിക്ഷേപിക്കുകയും അത് നികത്തുകയും ചെയ്തുവെന്നാണ് കോൺഗ്രസ് പരാതി. പൊതുമരാമത്ത് കരാറുകാരന്റെയും എളവള്ളി പഞ്ചായത്ത് അധികൃതരുടെയും ഒത്താശയോടെയാണ് നടപടിയെന്ന് കോൺഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിൽ പറഞ്ഞു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് എളവള്ളി മണ്ഡലം പ്രസിഡൻറ്‌ സി.ജെ. സ്റ്റാൻലി ആവശ്യപ്പെട്ടു.

എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡൻറ്‌ ജിയോ ഫോക്സ് പറഞ്ഞു. കാന കോരിയ മണ്ണ്‌ സ്വകാര്യവ്യക്തിയുടെ പറമ്പിൽ നിക്ഷേപിച്ച് ലേലം ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാക ഗ്രൗണ്ടിൽ സൗകര്യം ഒരുക്കുന്നതിനായി മണ്ണ് നിക്ഷേപിക്കുന്ന നടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചത്.