ഇരിങ്ങാലക്കുട : നഗരസഭയിൽ കശുമാവിൻതോട്ടമൊരുങ്ങുന്നു. നഗരസഭ ഹിൽപാർക്കിലാണ് കശുമാവുകൃഷി വികസന ഏജൻസി നൽകിയ അത്യുത്‌പാദനശേഷിയുള്ള 300 കശുമാവിൻ തൈകൾ വെച്ചുപിടിപ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ട്രെഞ്ചിങ്ങ് ഗ്രൗണ്ടിലെ മാലിന്യം മൂടിക്കിടന്നിരുന്ന ഭാഗം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്ത് തോട്ടമൊരുക്കി. തൈകളുടെ നടീൽ ഉൾപ്പെടെയുളളവ പുരോഗമിക്കുകയാണ്. മാവുകൾ നട്ടുപരിപാലിച്ച് അഞ്ചുവർഷം സംരക്ഷിക്കുന്നതിന്റെ ചുമതല തൊഴിലുറപ്പുതൊഴിലാളികൾക്കാണ്.

നഗരസഭ-അയ്യങ്കാളി നഗര തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തി സുഭിക്ഷകേരളം - മുറ്റത്തൊരു കശുമാവ് പദ്ധതിയുടെ ഭാഗമായിട്ടാണ് കശുമാവ് തൈകൾ നട്ടുവളർത്തുന്നത്.

സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്നുവർഷംകൊണ്ട് കായ്ക്കുന്ന അത്യുത്‌പാദനശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകളാണ് നടുന്നത്. കേരള കാർഷിക സർവകലാശാല, ഐ.സി.എ.അർ. എന്നീ സ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തവയാണ് ഈ കശുമാവിൻതൈകൾ.

നല്ല രീതിയിൽ പരിപാലിക്കുന്ന ഒരു മാവിൽനിന്ന് അഞ്ചുമുതൽ ഏഴുകൊല്ലം വരെ ശരാശരി 10 മുതൽ 15 കിലോ വരെ വിളവ് ലഭിക്കും. 3,500 കശുമാവ് ഗ്രാഫ്റ്റുകളാണ് കശുമാവ് കൃഷി വികസന ഏജൻസി ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കൈമാറിയത്. ഹിൽപാർക്കിൽ കശുമാവിൻതോട്ടം ഒരുക്കുന്നതിനു പുറമെ, 41 ഡിവിഷനുകളിലും കശുമാവിൻ തൈകൾ വിതരണംചെയ്യുന്നുണ്ട്.