തൃശ്ശൂർ: കാഴ്‌ചയില്ലാത്ത ദമ്പതിമാരായ അബിലിന്റെയും ദിവ്യയുടെയും തലയ്ക്കു മുകളിൽ അപകടം കാത്തുനിൽക്കുകയാണ്. പൊള്ളയായ വമ്പൻ വീട്ടിമരം ഏതുസമയത്തും ഇവരുടെ വീടിനു മുകളിലേക്ക് വീണേക്കുമെന്ന് അധികൃതരും സമ്മതിക്കുന്നു. പക്ഷേ, പുത്തൂർ ചെമ്പങ്കണ്ടത്തുള്ള ഇവരുടെ വീട്ടിൽ അഞ്ചുപേരാണ് താമസിക്കുന്നത്. മരത്തിന് 200 കൊല്ലമെങ്കിലും പ്രായമുണ്ടെന്നാണ് കണക്കാക്കുന്നത്.

പണം കൊടുത്ത് വാങ്ങിയ പട്ടയഭൂമിയാണിത്. മരം മുറിക്കാനുള്ള വ്യവസ്ഥകളാണ് പ്രശ്നം സൃഷ്ടിക്കുന്നത്. മരം മുറിക്കാനായി വനംവകുപ്പിനെ സമീപിച്ചു. മരം നിൽക്കുന്നത് വനംവകുപ്പിന്റെ സ്ഥലത്തല്ലാത്തതിനാൽ മുറിച്ചുനീക്കുന്നതിന് 2019-ൽ അനുമതി കിട്ടി. വീട്ടുകാരുെട ചെലവിൽ മുറിച്ച് തടി വനംവകുപ്പ് നിർദേശിക്കുന്ന സ്ഥലത്ത് എത്തിക്കണമെന്നതായിരുന്നു വ്യവസ്ഥ. മുറിക്കാൻ നാൽപ്പതിനായിരത്തോളം രൂപ ചെലവ് വരും.

അപേക്ഷ പരിഗണിച്ച് മരം മുറിച്ച് തടി പെരുമ്പാവൂരിെല ഡിപ്പോയിലെത്തിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചു. ഇതിനായി വനംവകുപ്പ് മരംവിൽപ്പന ലേലത്തിൽവെച്ചെങ്കിലും പൊള്ളമരമായതിനാൽ ആരും വന്നില്ല.

മരം മുറിച്ചുനീക്കി തടി പെരുന്പാവൂരിലെ വനംവകുപ്പിന്റെ ഡിപ്പോയിൽ എത്തിക്കാൻ പുത്തൂർ വില്ലേജ് ഓഫീസർ ദർഘാസ് ക്ഷണിച്ചെങ്കിലും ചുരുങ്ങിയത് 35,000 രൂപ വേണമെന്നായിരുന്നു ആവശ്യം. എന്നാൽ,‍ ഇത്രയും ചെലവ് വരില്ലെന്നുകാണിച്ച് വനംവകുപ്പ് രംഗത്തെത്തിയതോടെ അതും മുടങ്ങി.

തൃശ്ശൂരിലെ ദേവമാത സ്‌കൂളിൽ ഒാഫീസ് ജോലിചെയ്യുന്ന അബിലിന് ഇത്രയും തുക മുടക്കി മരം മുറിച്ച് തടി പെരുന്പാവൂരിലെ വനംവകുപ്പിന്റെ ഡിപ്പോയിൽ എത്തിക്കാനുള്ള പണമില്ല. ഭാര്യയ്ക്ക് ജോലിയില്ല. അച്ഛൻ അയ്യക്കുട്ടി സെക്യൂരിറ്റി ജീവനക്കാരനാണ്.