ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കോവിഡ്‌രോഗികളെ തൃശ്ശൂർ മെഡിക്കൽ കോളേജിലോ ജില്ലാ ആശുപത്രിയിലോ കൊണ്ടുപോകേണ്ട അവസ്ഥയാണ് ഇപ്പോഴെന്ന് ചില അംഗങ്ങൾ കൗൺസിലിൽ ചൂണ്ടിക്കാട്ടി.

ഇതിനെത്തുടർന്നാണ് ജനറൽ ആശുപത്രിയിൽ അത്യാവശ്യഘട്ടങ്ങളിൽ കോവിഡ് രോഗികൾക്ക് പ്രാഥമികചികിത്സ നൽകാൻ സൂപ്രണ്ടുമായി സംസാരിച്ച് വേണ്ടതുചെയ്യുമെന്ന് ചെയർപേഴ്‌സൺ സോണിയാഗിരി യോഗത്തെ അറിയിച്ചത്. പൈക്കാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പൂർത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്‌. റിപ്പോർട്ട് ലഭിച്ചശേഷം പദ്ധതി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കും.

നിലാവ് പദ്ധതി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും സാങ്കേതികതടസ്സങ്ങൾ നീങ്ങുന്നതോടെ നഗരസഭയിലും പദ്ധതി നടപ്പാക്കുമെന്നും സോണിയാഗിരി പറഞ്ഞു. നഗരസഭയുടെ വാർഷികപദ്ധതിയിൽ 83 ലക്ഷം രൂപയുടെ പദ്ധതികൾ ഭേദഗതി ചെയ്യുന്നതിന് മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു. അങ്കണവാടി മേഖലയിലേക്ക് 42 ലക്ഷം, ടേക്ക്‌ എ ബ്രേക്ക് പദ്ധതിക്ക് 34 ലക്ഷം, പൊതുകുളങ്ങളുടെ സംരക്ഷണത്തിന് 11 ലക്ഷം, ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾക്കായി രണ്ടരലക്ഷം എന്നിങ്ങനെയാണ് നീക്കിവെച്ചത്.

കെ.ആർ. വിജയ, സി.സി. ഷിബിൻ, സന്തോഷ് ബോബൻ, ടി.കെ. ഷാജു എന്നിവർ പ്രസംഗിച്ചു.