കൊടുങ്ങല്ലൂർ : മുസ്‌ലിം ഐക്യസംഘം പിറവിയെടുത്ത ഐക്യവിലാസം തറവാടിന് ഇത് അഭിമാനമുഹൂർത്തം. ഐക്യവിലാസം തറവാടിന്റെ മുറ്റത്തൊരുക്കുന്ന പന്തലിൽ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പിൻതലമുറക്കാർ ഞായറാഴ്‌ച പകൽ ഒത്തുചേരും.

മുസ്‌ലിം ഭൂപ്രഭുക്കന്മാർ തമ്മിലുള്ള കക്ഷിവഴക്കുകളിലും കുടിപ്പകയിലുംപെട്ട് സമുദായത്തിൽ അശാന്തി വളരുകയും ജീവിതം ദുസ്സഹമാകുകയും ചെയ്ത സാഹചര്യത്തിലാണ് മണപ്പാട്ട് കുഞ്ഞിമുഹമ്മദ്‌ഹാജിയുടെ നേതൃത്വത്തിൽ മുസ്‌ലിം ഐക്യസംഘം രൂപവത്കരിക്കുന്നത്.

എറിയാട് കേരളവർമ ഹയർ സെക്കൻഡറി സ്‌കൂളിനോട് ചേർന്നുള്ള 14 ഏക്കർ സ്ഥലത്താണ് ഐക്യവിലാസം തറവാട്. നൂറാം വാർഷികത്തിന്റെ ഭാഗമായി കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാനസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്‌ച നടക്കുന്ന നവോത്ഥാനസമ്മേളനം സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.