ചാവക്കാട്: ഒരുമനയൂർ പഞ്ചായത്തിന്റെ ആകെ നീളം നാല് കിലോമീറ്റർ, ശരാശരി വീതി ഒരു കിലോമീറ്ററിൽ താഴെ. സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തുകളിലൊന്ന്. ദേശീയപാത 66 ആറുവരിപ്പാതയാക്കുമ്പോൾ ഒരുമനയൂരിൽ ബാക്കിയെന്തുണ്ടാകുമെന്ന ആശങ്കയിലാണ് ഇവിടത്തെ ജനങ്ങൾ. നാലുവശവും ജലാശയങ്ങളാൽ ചുറ്റപ്പെട്ട പഞ്ചായത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ 45 മീറ്റർ വീതിയിൽ ആറുവരിപ്പാതയായി ദേശീയപാത കടന്നുപോകുമ്പോൾ നൂറിനടുത്ത് വീടുകളും ഇരുനൂറിനടുത്ത് കച്ചവടസ്ഥാപനങ്ങളും കുടിയൊഴിപ്പിക്കപ്പെടും.

കാളമനക്കായലും ചേറ്റുവപ്പുഴയും കനോലിക്കനാലും കണ്ണികുത്തിപ്പുഴയും അതിരിടുന്ന പഞ്ചായത്തിന്റെ നാല് കിലോമീറ്റർ നീളത്തിൽ ഒരറ്റം മുതൽ മറ്റേ അറ്റം വരെയും നിലവിൽ ദേശീയപാത കടന്നുപോകുന്നുണ്ട്. ആറുവരിപ്പാതയാക്കുമ്പോൾ നിലവിലെ ദേശീയപാതയുടെ കുറച്ചുഭാഗം ഒഴിവാക്കി വില്യംസ് സെന്റർ മുതലാണ് പഞ്ചായത്തിന്റെ വടക്കേഅറ്റത്തുനിന്ന് ദേശീയപാത ആരംഭിക്കുന്നത്.

പഞ്ചായത്തിലെ 90 ശതമാനത്തിലേറെ കച്ചവടസ്ഥാപനങ്ങളും ദേശീയപാതക്കിരുവശവുമായാണ്. പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളായ മുത്തംമാവും വില്യംസും മൂന്നാംകല്ലും ദേശീയപാതയോരത്താണ്. ഇതിൽ മുത്തംമാവിലെയും മൂന്നാംകല്ലിലെയും പകുതിയിലേറെ വ്യാപാരസ്ഥാപനങ്ങളാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കുന്നതെങ്കിൽ വില്യംസിൽ ഏ​െ റക്കുറെ മുഴുവൻ കച്ചവടസ്ഥാപനങ്ങളും പൊളിച്ചുനീക്കേണ്ടിവരും.

പഞ്ചായത്തിന്റെ പ്രധാനവരുമാന മാർഗം വ്യാപാരസ്ഥാപനങ്ങളിൽനിന്നുള്ള നികുതിയാണ്. നികുതിവരുമാനം ലഭിക്കുന്ന വേറെ വൻകിട സ്ഥാപനങ്ങളോ സംരംഭങ്ങളോ ഇവിടെ ഇല്ലതാനും. ഈ സാഹചര്യത്തിലാണ് പകുതിയോളം കച്ചവടസ്ഥാപനങ്ങൾ ഇല്ലാതാവുന്നത്. പഞ്ചായത്തിലെ കിണറുകളിൽ ശുദ്ധജലം ലഭിക്കുന്നത് ദേശീയപാതയോരത്തോട് ചേർന്ന ഭാഗത്തായതിനാൽ ഈ കിണറുകളെല്ലാം നികത്തപ്പെടുകയും പ്രധാന കുടിവെള്ളസ്രോതസ്സ്‌ നഷ്ടപ്പെടുകയും ചെയ്യുമെന്ന ഭീതിയുമുണ്ട്.

ഈ പ്രശ്‌നങ്ങളെല്ലാം ചൂണ്ടിക്കാട്ടി പഞ്ചായത്തിലൂടെ ദേശീയപാത കടന്നുപോകുന്നിടത്ത് എലവേറ്റഡ് ഹൈവേ (ആകാശപ്പാത) വേണമെന്നായിരുന്നു നാട്ടുകാരുടെയും പഞ്ചായത്തിന്റെയും ദേശീയപാതാ കർമസമിതിയുടെയുമെല്ലാം ആവശ്യം. ഈ ആവശ്യമുന്നയിച്ച് അഞ്ചുതവണ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. ആകാശപ്പാതയ്ക്കായി ദേശീയപാത കർമസമിതി ഹൈക്കോടതിയുടെയും മനുഷ്യാവകാശ കമ്മിഷന്റെയുമെല്ലാം സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. നഷ്ടപരിഹാരത്തുക ആളുകൾ കൈപ്പറ്റിത്തുടങ്ങിയ ഈ വൈകിയ വേളയിൽ ആകാശപ്പാതയെക്കുറിച്ച് ജനങ്ങൾക്കോ പഞ്ചായത്തിനോ പ്രതീക്ഷയൊന്നുമില്ല.

ഭൂവിസ്തൃതി കുറവുള്ള പഞ്ചായത്തിൽ ദേശീയപാതയ്ക്കായി വലിയൊരുഭാഗം നഷ്ടമാവുമ്പോൾ പഞ്ചായത്തായി നിലനിൽക്കാൻ കഴിയുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്. ദേശീയപാത കഴിച്ച് മിച്ചംവരുന്ന പഞ്ചായത്തിന്റെ ഭാഗങ്ങൾ ചാവക്കാട് നഗരസഭയിലേക്കും കടപ്പുറം പഞ്ചായത്തിലേക്കും കൂട്ടിച്ചേർക്കപ്പെടുമോ തുടങ്ങിയ ചിന്തകളാണ് ഒരുമനയൂരുകാർക്ക്.

ഒരുമനയൂർ പഞ്ചായത്ത്

വിസ്‌തൃതി 5.19 ചതുരശ്രകിലോമീറ്റർ

ആകെ വാർഡ് -13

ദേശീയപാത കടന്നുപോകുന്നത് 11 വാർഡുകളിലൂടെ

ആകെ ജനസംഖ്യ-14,859

ഭൂമിയേറ്റെടുക്കുമ്പോൾ പ്രധാന ആരാധനാലയങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഒരുമനയൂർ മാങ്ങോട്ട് യു.പി. സ്‌കൂളിന്റെ പാചകപ്പുരയും ക്ലാസ്‌മുറിയുടെ കുറച്ചുഭാഗവും നഷ്ടപ്പെടും.

നൂറിനടുത്ത് വീടുകളും ഇരുനൂറിനടുത്ത് കച്ചവടസ്ഥാപനങ്ങളും കുടിയൊഴിപ്പിക്കപ്പെടും.

പൊതുപരിപാടികൾ നടത്താറുള്ള മുത്തംമാവ് സെന്ററിലെ വിനയം പഠനവേദിയും പൊളിച്ചുനീക്കേണ്ടിവരും.

നികത്തപ്പെടുന്നത്‌ കിണറുകളും മറ്റു പ്രധാന കുടിവെള്ളസ്രോതസ്സുകളും.