എഴുന്നള്ളിപ്പുകൾക്ക് പോകാൻ തയ്യാറെടുത്ത് ആനക്കോട്ടയിലെ കൊമ്പന്മാർ

ഗുരുവായൂർ : പൂരം എഴുന്നള്ളിപ്പുകൾക്ക് 11 ആനകൾ വരെയാകാമെന്ന ഇളവ് വന്നതോടെ ഗുരുവായൂരിലെ ആനകളും പൂരങ്ങൾക്ക് പോകാൻ തയ്യാറെടുക്കുകയാണ്.

ഇതിന്റെ ഭാഗമായി ആനകളുടെ കൊമ്പുകൾ മുറിച്ച് മിനുസപ്പെടുത്തൽ തുടങ്ങി. ദാമോദർദാസ്, ഗോപീകൃഷ്ണൻ, വിഷ്ണു, ജൂനിയർ കേശവൻ, ദേവദാസ്, ഗജേന്ദ്ര എന്നീ ആനകളുടെ കൊമ്പുകൾ മുറിച്ച് ആകൃതിപ്പെടുത്തിക്കഴിഞ്ഞു. ഇനി നന്ദൻ, സിദ്ധാർഥൻ, ശ്രീകൃഷ്ണൻ, ലക്ഷ്മീനാരായണൻ തുടങ്ങിയ ആനകളുടെ കൊമ്പുകളാണ് മുറിക്കാനുള്ളത്. നന്ദനുൾപ്പെടെയുള്ള ആനകൾ നീരിലാണ്.

അതുകഴിഞ്ഞേ കൊമ്പുകൾ മുറിക്കൂ. പൂരത്തിരക്കാകുമ്പോഴേക്കും നന്ദന്റെ നീരുകാലവും തീരും. പത്ത് ആനകളുടെ കൊമ്പുകൾ മുറിക്കാനുള്ള അനുമതിയാണിപ്പോൾ വനംവകുപ്പ് നൽകിയിട്ടുള്ളത്. ബാക്കി ആനകൾക്കായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് ആനക്കോട്ട അധികൃതർ പറഞ്ഞു.