കുന്നംകുളം : നാലര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം തടവും 1.75 ലക്ഷം രൂപ പിഴയും കുന്നംകുളം അതിവേഗ സ്‌പെഷ്യൽ പോക്‌സോ കോടതി വിധിച്ചു. പുന്നയൂർ കുഴിങ്ങര കൈതവായിൽ വീട്ടിൽ ജിതിനെ (29) യാണ് ജഡ്ജി എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2016-ലാണ് കേസിനാസ്പദമായ സംഭവം.

നിർധനകുടുംബാംഗമായ കുട്ടിയെ പ്രതി പലതവണ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ വിചാരണ നേരിടുന്നുണ്ട്. വടക്കേക്കാട് പോലീസ് സ്‌റ്റേഷനിൽ ഒട്ടേറെ ക്രിമിനൽ കേസുകളും പ്രതിയുടെ പേരിലുണ്ട്. വടക്കേക്കാട് എസ്.ഐ. പി.കെ. മോഹിത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ചാവക്കാട് ഇൻസ്‌പെക്ടർമാരായിരുന്ന കെ.ജി. സുരേഷ്, എ.ജെ. ജോൺസൺ എന്നിവരാണ് കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്. ബിനോയ് ഹാജരായി.