തൃശ്ശൂർ : കുടിവെള്ളം, ശുചിത്വം, ഖരമാലിന്യസംസ്‌കരണം എന്നിവ മുൻനിർത്തിയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്ന നഗരസഞ്ചയ പദ്ധതിയിൽ തൃശ്ശൂരിന് ഇതുവരെ അനുവദിച്ചത് 52 കോടി രൂപ. ഇതിൽത്തന്നെ 23 കോടി രൂപ കോർപ്പറേഷനായാണ് അനുവദിച്ചതെന്ന് മേയർ എം.കെ വർഗീസ് പറഞ്ഞു. കോവിഡിന്റെയും മറ്റും പശ്ചാത്തലത്തിൽ ഇതിന്റെ വിനിയോഗത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

ഇതുവരെ 16 കോടി രൂപയാണ് ജില്ലയിൽ ചെലവഴിക്കാനായത്. അതിൽ 9.82 കോടിയും ചെലവാക്കിയത് കോർപ്പറേഷനായാണ്. ബാക്കി 6.18 കോടിയാണ് പഞ്ചായത്തുകളിൽ ചെലവാക്കാനായത്. കുടിവെള്ള വിതരണവും ലഭ്യതയും കൂട്ടാനുള്ള പദ്ധതികളാണ് ഭൂരിഭാഗവും. തുകയുടെ വിനിയോഗം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ ശ്രമം തുടങ്ങിയെന്നും മേയർ പറഞ്ഞു.

പണം അനുവദിക്കുന്നത് കോർപ്പറേഷനാണ്. അതുകൊണ്ടുതന്നെ പദ്ധതി നിർവഹണത്തിലും ഉത്തരവാദിത്വമുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസുമായി കൂടിയാലോചിച്ച് പഞ്ചായത്തിലെ പ്രവർത്തനങ്ങൾ ഉടൻ വേഗത്തിലാക്കുമെന്നും എം.കെ. വർഗീസ് പറഞ്ഞു.

കോർപ്പറേഷനോ മുനിസിപ്പാലിറ്റിയോ കേന്ദ്രമാക്കി ഒപ്പംകിടക്കുന്ന നഗരസ്വഭാവപ്രദേശങ്ങളും കൂടിച്ചേർന്നതാണ് നഗരസഞ്ചയങ്ങൾ. പതിനഞ്ചാം കേന്ദ്രധനകാര്യ കമ്മിഷനാണ് അഞ്ചുവർഷത്തേക്കുള്ള തുക അനുവദിച്ചിരിക്കുന്നത്.