കൊടുങ്ങല്ലൂർ : ഗോതുരുത്തുകാർക്ക് ഇനി വോട്ടുചെയ്യാൻ പാലം കടക്കേണ്ട. ഗോതുരുത്തിൽത്തന്നെ വോട്ടുചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ സൗകര്യമൊരുക്കിയതോടെയാണിത്. ശ്രീനാരായണപുരം പഞ്ചായത്തിൽ നാലുഭാഗവും പുഴകളാൽ ചുറ്റപ്പെട്ട ഗോതുരുത്തിൽ ആദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ട് ബൂത്തുകൾ ഒരുക്കുന്നത്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ പഞ്ചായത്തിലെ 10-ാം വാർഡ് ഉൾക്കൊള്ളുന്ന ഈ പ്രദേശത്തുകാർ പാലം കടന്ന് രണ്ട് കിലോമീറ്ററോളം നടന്ന് വാസുദേവവിലാസം സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയിരുന്നത്.
പുഴയുടെ കുറുകേ സഞ്ചാരയോഗ്യമായ പാലം വന്നിട്ടും ഗോതുരുത്തിൽ ബൂത്ത് അനുവദിച്ചിരുന്നില്ല. 1372 വോട്ടർമാരുള്ള വാർഡിൽ ഗോതുരുത്ത് എൽ.പി. സ്‌കൂളിൽ രണ്ട് ബൂത്തുകളൊരുക്കിയാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടത്തുന്നത്.