കടങ്ങോട് : വടക്കാഞ്ചേരിപ്പുഴയിലെ ആദൂർ മുട്ടിച്ചിറയിലെ ഇരുമ്പുഷട്ടറുകൾ തുരുമ്പെടുത്ത്‌ നശിക്കുന്നു. അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ട് നാല് പാടശേഖരസമിതികൾ രംഗത്തെത്തി. കടങ്ങോട് പഞ്ചായത്തിലെ എയ്യാൽ-മുള്ളിങ്ങൽച്ചിറ, ആദൂർ, കുട്ടിച്ചിറ, എയ്യാൽ പാടശേഖരസമിതികളാണ് പ്രതിഷേധത്തിനൊരുങ്ങുന്നത്.

വേനലിൽ ചിറയുടെ ഇരുമ്പുഷട്ടറിന്റെ പെയിന്റടിക്കലും ഗ്രീസിടലും മറ്റു അറ്റകുറ്റപ്പണികളും ചെയ്തില്ലെന്നാണ് പ്രധാന ആക്ഷേപം. ഇതുമൂലം ഷട്ടറുകൾ തുരുമ്പെടുക്കുന്നതിന് കാരണമായി. മതിയായരീതിയിൽ ഗ്രീസിടാത്തതിനാൽ ഷട്ടറുകൾ ഉയർത്തുന്നതിനും താഴ്‌ത്തുന്നതിനും പറ്റുന്നില്ല. കഴിഞ്ഞവർഷം ഷട്ടർ ഉയർത്താനാകാതെ വെള്ളം കയറിയിരുന്നു. ഇത്തവണ ഷട്ടർ താഴ്‌ത്താത്തതിനാൽ പുഴയിലെ വെള്ളം പുത്തൻതോട്ടിലെത്തിയില്ല. ഇതുമൂലം നാല്‌ പാടശേഖരങ്ങളിലെ 350 ഏക്കറിൽ വിരിപ്പുകൃഷി വെള്ളമില്ലാതെ, പുല്ലുകയറി നശിച്ചെന്നുമാണ് ആരോപണം.

പുത്തൻതോട്ടിലെ വെള്ളം ആശ്രയിച്ചാണ് കടങ്ങോട്, ചൊവ്വന്നൂർ, ചൂണ്ടൽ പഞ്ചായത്തുകളിലെ നെൽകൃഷി. മുട്ടിച്ചിറയിലെ ഷട്ടറുകൾ താഴ്‌ത്തിയാൽ എരുമപ്പെട്ടി, വേലൂർ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലുള്ള കൃഷിക്ക്‌ മതിയായ വെള്ളം ലഭിക്കുമെന്നും ആദൂർ പാടശേഖരസമിതി സെക്രട്ടറി കെ.എച്ച്. അലവി പറഞ്ഞു. എന്നാൽ, ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്ന സമയങ്ങളിൽ ചിറ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യുന്നുണ്ട്. ചിറയുടെ അറ്റകുറ്റപ്പണികളും കഴിഞ്ഞ നാലുവർഷമായി നടത്തുന്നുണ്ട്. മറ്റു ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചിറ നടത്തിപ്പുകാരൻ രവീന്ദ്രൻ പറഞ്ഞു.