മേച്ചിറ : മലയോരമേഖലയിലെ പ്രധാന പാലങ്ങളിലൊന്നായ മേച്ചിറപാലം പുനർനിർമാണം ഇഴയുന്നു. കഴിഞ്ഞ ഏപ്രിലിൽ പൊളിച്ച പാലത്തിന്റെ പ്രാഥമിക നിർമാണജോലികൾ തുടങ്ങിയെങ്കിലും പിന്നീട് നിലച്ചു. 2018-ലെ പ്രളയത്തിലും ഉരുൾപൊട്ടലിലും വെള്ളം കനാലിലൂടെ കവിഞ്ഞൊഴുകിയതോടെയാണ് ചാലക്കുടി-വെള്ളിക്കുളങ്ങര റൂട്ടിലുള്ള പാലത്തിന് ബലക്ഷയമുണ്ടായത്.

തുടർന്ന് പാലം പുനർനിർമിക്കാൻ 3.44 കോടി രൂപ അനുവദിച്ചു. കുഴിയെടുത്തപ്പോൾ മണ്ണിടിഞ്ഞതും നിർമാണത്തിന് കരാർ എടുത്ത കമ്പനിയുടെ കെടുകാര്യസ്ഥതയും മൂലം നിർമാണപ്രവർത്തനങ്ങൾ ഇഴയുകയാണ്. പാലമില്ലാത്തതിനാൽ ഗതാഗതം വഴിതിരിച്ചുവിട്ട ബദൽറോഡുകൾ പലതും വലിയ ഭാരവാഹനങ്ങൾ പോയി തകർന്ന നിലയിലാണ്. പുതിയപാലം നിർമാണം പുനരാരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോടശ്ശേരി എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ഇ.എ. ജയതിലകൻ, വാർഡ് അംഗം വി.ജെ. വില്യംസ് എന്നിവർ പൊതുമരാമത്തുമന്ത്രിക്ക് നിവേദനം നൽകി.