മാള : അഗ്നിരക്ഷാ സേനാംഗങ്ങൾ രംഗത്തിറങ്ങിയതോടെ ആഫ്രിക്കൻ പായൽ മൂടിക്കിടന്നിരുന്ന മാളക്കുളത്തിന് പുനർജന്മം. രണ്ട് ദിവസങ്ങളിലായാണ് മുപ്പതോളം വരുന്ന അഗ്നിരക്ഷാസേനാംഗങ്ങളും സിവിൽ ഫെൻസ് അംഗങ്ങളും ചേർന്ന് കുളം വൃത്തിയാക്കിയത്. 18-നായിരുന്നു ആരംഭം. അന്ന് പകുതിയിലേറെ പായൽ കരയ്ക്കു കയറ്റി. ഞായറാഴ്ച ഉച്ചവരെ നീണ്ട ശുചീകരണത്തോടെ മാളക്കുളം തിളങ്ങി.

2018-ലെ പ്രളയത്തെത്തുടർന്നാണ് കുളത്തിൽ മാലിന്യങ്ങളും പായലും നിറഞ്ഞത്. അന്ന് ചാലക്കുടിപ്പുഴ ഗതിമാറി ഒഴുകിയതായിരുന്നു കാരണം. കുളത്തിന്റെ തകർന്ന കൈവരികളും ടൈലുകളും പിന്നീട് പഞ്ചായത്ത് പുനർനിർമിച്ചുവെങ്കിലും പായൽ നീക്കംചെയ്തിരുന്നില്ല. അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി.ഒ.ജോയി, എ.എസ്.ഒ. സി.ജി.ഷാജി, കെ.ആർ.ജോസ്, ഫയർ ഓഫീസർ എൻ.യു.മനോജ്, സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സിനീഷ്, അരുൺ, അശ്വനി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശുചീകരണം അഗ്നിരക്ഷാ സേന ജില്ലാ ഓഫീസർ അരുൺ ഭാസ്കർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു പോൾ, പഞ്ചായത്തംഗം ഉഷാബാലൻ, ജയാ ബിജു തുടങ്ങിയവർ പങ്കെടുത്തു.