പീച്ചി : പീച്ചിയിൽ ഡാം തുറക്കുന്നത് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പ് നൽകി.

തിങ്കളാഴ്ച രാവിലെ ഡാമിലെ ജലവിതാനം 76.44 മീറ്ററിൽ എത്തിയപ്പോഴാണ് മുന്നറിയിപ്പ് നൽകിയത്. ഡാമിന്റെ നാല് ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ പത്തിന് രണ്ട് ഇഞ്ച് വീതം തുറക്കാനിടയുണ്ടെന്നും പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

റിസർവോയറിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് കണക്കിലെടുത്താൽ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് അപ്പർ റൂൾ കർവിന്റെ (76.65 മീറ്റർ) ജലവിതാനത്തെ മറികടക്കാൻ സാധ്യതയുള്ളതിനാലാണ് ഷട്ടറുകൾ തുറക്കുക. ഡാമിലെ പരമാവധി ജലനിരപ്പ് 79.25 മീറ്റർ ആണ്. പരമാവധി ജലസംഭരണശേഷി 94.95 മില്യൺ മീറ്റർ ക്യൂബ്. തിങ്കളാഴ്ച പൂർണമായും മഴ മാറിനിന്നതിനാൽ ജലനിരപ്പിൽ കാര്യമായ ഉയർച്ച ഉണ്ടായില്ല.