കൊടുങ്ങല്ലൂർ : മതിലകം പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വീട് കുത്തിത്തുറന്നുള്ള കവർച്ചയ്‌ക്ക് പുറമേ വാഹനങ്ങളിൽനിന്നും കവർച്ച.

വർക്‌ഷോപ്പിൽ നിർത്തിയിട്ടിരുന്ന ബസിൽനിന്ന്‌ ഡീസലും ബാറ്ററിയും സ്റ്റെപ്പിനി ടയറും മറ്റ് ഉപകരണങ്ങളും മോഷണംപോയി. സമീപത്തെ വർക്‌ഷോപ്പിലെ തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

ശാന്തിപുരം പെന്നാംപടിക്കൽ മുഹമ്മദ് ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള അയിഷ ബസിലാണ് കവർച്ച നടന്നത്. കൊടുങ്ങല്ലൂർ - ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ഇപ്പോൾ യാത്രക്കാർ കുറവായതിനാൽ ഇടയ്ക്കുമാത്രമേ സർവീസ് നടത്താറുള്ളൂ. വെള്ളിയാഴ്ച സർവീസ് നടത്തി ഫുൾ ടാങ്ക് ഡീസൽ നിറച്ച് പള്ളിനട ഇരുപത്തിയഞ്ചാം കല്ലിലെ വർക്‌ഷോപ്പിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് സംഭവം കണ്ടെത്തിയത്. വാഹനത്തിലെത്തിയവരാണ് മോഷണം നടത്തിയതെന്ന് സൂചനയുണ്ട്. മതിലകം പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊടുങ്ങല്ലൂർ-മതിലകം സ്റ്റേഷൻ അതിർത്തികളിൽ വീട്ടുകാരില്ലാത്ത സമയത്ത് വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തുന്ന സംഭവങ്ങൾ നടന്നുവരുന്നതിനിടയിലാണ് ഈ സംഭവവും.