അന്തിക്കാട് : കോൾപ്പാടങ്ങളിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃഷിക്ക് ഭീഷണിയാകുന്നു. പലവിധത്തിൽ പടവുകളിലെത്തുന്ന അജൈവമാലിന്യങ്ങളാണ് കൃഷിയെ ബാധിക്കുന്നത്.

പരമ്പരാഗതമായ 'പെട്ടിയും പറയും' സംവിധാനത്തിൽ മാലിന്യങ്ങൾ കുടുങ്ങാനുള്ള സാധ്യത സബ്‌മേഴ്‌സിബിൾ പമ്പുകളെ അപേക്ഷിച്ച് കുറവായിരുന്നു.

എന്നാൽ വെള്ളം നിയന്ത്രിക്കുന്ന ആധുനിക സബ്‌മേഴ്‌സിബിൾ പമ്പുകളുടെ വാൽവുകളിൽ പ്ലാസ്റ്റിക് കുടുങ്ങിയാൽ നന്നാക്കിയെടുക്കാൻ കാൽലക്ഷം രൂപയോളമാണ് ചെലവ്.

മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മോട്ടോർ എടുത്തുമാറ്റി വേണം ഇത് നന്നാക്കാൻ. വലിയ ബാധ്യതയാണിത് കർഷകർക്കും പാടശേഖര സമിതികൾക്കും ഉണ്ടാക്കുന്നത്. കൃഷിക്കായി ഉപയോഗിക്കുന്ന കുമ്മായത്തിന്റെ കവറുകൾ, വളച്ചാക്കുകൾ, കീടനാശിനിക്കുപ്പികൾ എന്നിവയാണ് കോൾപ്പാടത്ത് വ്യാപകമായി കണ്ടുവരുന്നത്. ഇവകൂടാതെ സമൂഹവിരുദ്ധർ വയലോരങ്ങളിൽ തള്ളുന്ന മാലിന്യങ്ങൾ വേറെയും.

ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മദ്യപർ തമ്പടിച്ച് മദ്യക്കുപ്പികൾ ഉപേക്ഷിക്കുന്നതും പതിവാണ്. ജനവാസകേന്ദ്രങ്ങളിൽ നിന്നുള്ള ചാലുകളിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങളും വന്നുചേരുന്നത് പാടശേഖരങ്ങളിൽത്തന്നെയാണ്.

അജൈവ മാലിന്യങ്ങൾ കുന്നുകൂടുന്നത് കോൾപ്പാടങ്ങളുടെ സ്വാഭാവിക ജലസംഭരണശേഷിയെയും ആവാസവ്യവസ്ഥയെയും ബാധിക്കും.

കർഷകരുടെയും പാടശേഖര കമ്മിറ്റികളുടെയും സഹകരണത്തോടെ കൃഷിയോടനുബന്ധിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനുള്ള പദ്ധതികൾ കൃഷിവകുപ്പ് അധികൃതർ തയ്യാറാക്കിവരുകയാണ്.