വടക്കാഞ്ചേരി : അഞ്ചുവർഷം മുമ്പ് വടക്കാഞ്ചേരി നഗരസഭ രൂപവത്‌കരിച്ചപ്പോൾ കാര്യാലയം ഇല്ലായിരുന്നു. സർക്കാർ ഓഫീസ് സമുച്ചയത്തിലാണ് നഗരസഭ പ്രവർത്തിച്ചത്. പ്രീഫാബ് സാങ്കേതികവിദ്യയിൽ നിർമിച്ച കെട്ടിടം പൂർത്തിയായതോടെ പ്രയോജനംകിട്ടുക അടുത്ത ഭരണസമിതിക്കാണ്. പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് പൂർണമായും മാറ്റുന്നതിന് ഒരുമാസമെടുക്കുമെന്നതിനാൽ നിലവിലെ കൗൺസിലിന് പുതിയ മന്ദിരത്തിൽ യോഗം ചേരാൻ അവസരം കിട്ടില്ല.

പുതിയതായി രൂപവത്‌കരിച്ച നഗരസഭകളിൽ ഓഫീസ് കെട്ടിടം ആദ്യം പൂർത്തിയാക്കിയത് വടക്കാഞ്ചേരിയിലാണ്. മൂന്ന് കോടി രൂപ ചെലവിൽ ഫാക്ട് എഫ്.ആർ.ബി.സി.എൽ., 13 സെന്റ് സ്ഥലത്ത് 16,000 ചതുരശ്ര അടിയിൽ കെട്ടിടം നിർമിച്ചത്. നിർമാണസാമഗ്രികൾ മുൻകൂട്ടി നിർമിച്ച് പിന്നീട് യോജിപ്പിച്ച് കെട്ടിടം നിർമിക്കുന്ന രീതിയാണ് പ്രീഫാബ് സംവിധാനം.

ചെന്നൈ ഐ.ഐ.ടി.യാണ് ഡിസൈൻ തയ്യാറാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനിൽ തിങ്കളാഴ്ച 11-ന് നഗരസഭാ മന്ദിരം ഉദ്ഘാടനം ചെയ്യുക. മന്ത്രി എ.സി. മൊയ്തീൻ നേരിട്ട് പങ്കെടുക്കും.