തൃപ്രയാർ : തീരദേശത്ത് നാലു പഞ്ചായത്തുകളിലായി ശനി, ഞായർ ദിവസങ്ങളിലായി 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാടാനപ്പള്ളിയിൽ 25 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വാർഡ് ഒന്നിൽ അഞ്ച്, രണ്ടിൽ എട്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ്, പന്ത്രണ്ട് വാർഡുകളിൽ ഓരോന്ന്, വാർഡ് പതിനാലിൽ രണ്ട് എന്നിങ്ങനെയാണ് കോവിഡ് ബാധിതർ. തളിക്കുളത്ത് പത്തുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വാർഡ് നാലിലും അഞ്ചിലും ഏഴിലും രണ്ടു പേർ വീതം, ആറിൽ ഒരാൾക്ക്, പതിമൂന്നിൽ മൂന്നുപേർക്ക് എന്നിങ്ങനെയാണ് തളിക്കുളത്തെ രോഗബാധിതർ. നാട്ടികയിൽ 32 പേർക്കാണ് ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒന്നാം വാർഡിൽ അഞ്ചുപേരും നാലാം വാർഡിൽ മൂന്നുപേരും അഞ്ചാം വാർഡിൽ നാലുപേരും ഏഴാം വാർഡിലും ഒമ്പതാം വാർഡിലും ഏഴുപേർ വീതവും പത്തിൽ മൂന്നുപേരും പന്ത്രണ്ടിൽ ഒരാളും പതിനാലിൽ രണ്ടു പേരും കോവിഡ് ബാധിതരാണ്. വലപ്പാട്ട്‌ 11 പേരാണ് ശനിയാഴ്ച കോവിഡ് ബാധിതർ. വാർഡ് ഒന്നിൽ അഞ്ച്, ആറിലും പത്തിലും പതിനഞ്ചിലും രണ്ടുപേർ വീതം എന്നിങ്ങനെയാണ് രോഗബാധിതർ. ഞായറാഴ്ച ഏഴ് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

ചാഴൂരിൽ എട്ട്, അന്തിക്കാട്ട്‌ അഞ്ച്, താന്ന്യത്ത് രണ്ട്

പഴുവിൽ : ചാഴൂർ ഗ്രാമപ്പഞ്ചായത്തിൽ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചിറ്റുവേലിയിൽ രണ്ടുപേർക്കും ഗായത്രി സെന്ററിന് സമീപം രണ്ടുപേർക്കും പഴുവിൽ വെസ്റ്റിൽ ഒരാൾക്കും പഴുവിൽ ക്ഷേത്രത്തിന് കിഴക്കുവശത്ത് രണ്ടുപേർക്കും യുവതാര ക്ലബ്ബിന് സമീപം ഒരാൾക്കുമാണ് രോഗം ബാധിച്ചത്.

അന്തിക്കാട് : അന്തിക്കാട് ഗ്രാമപ്പഞ്ചായത്തിൽ അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴാം വാർഡിൽ ഒരു കുടുംബത്തിലെ രണ്ടുപേർക്കും ഒമ്പതാം വാർഡിൽ ഒരാൾക്കും മൂന്നാം വാർഡിൽ ഒരു കുടുംബത്തിലെ രണ്ടുപേർക്കുമാണ് രോഗം ബാധിച്ചത്.

പെരിങ്ങോട്ടുകര : താന്ന്യം ഗ്രാമപ്പഞ്ചായത്തിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടാം വാർഡിലും പതിനേഴാം വാർഡിലും ഓരോരുത്തർക്കാണ് രോഗം ബാധിച്ചത്.

വ്യാപനം ചെറുക്കാൻ നടപടികൾ

കാഞ്ഞാണി : കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മണലൂർ മണ്ഡലത്തിലെ അതീവ ജാഗ്രത പ്രദേശങ്ങളായ മണലൂർ, വാടാനപ്പള്ളി, പാവറട്ടി, ചൂണ്ടൽ പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, പോലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ യോഗം ഓൺലൈനായി ചേർന്നു. മുരളി പെരുനെല്ലി എം.എൽ.എ. യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ്, നോഡൽ ഓഫീസർ മധു, ചാവക്കാട് തഹസിൽദാർ എന്നിവർ പങ്കെടുത്തു. നിലവിൽ വളരെ ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് യോഗം വിലയിരുത്തി. സമ്പർക്കത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിന് നടപടിയെടുക്കും. ജാഗ്രതാ നിർദേശങ്ങൾ പാലിക്കുന്നില്ലേയെന്ന് കണ്ടശ്ശാംകടവ് അങ്ങാടി അടക്കമുള്ള സ്ഥലങ്ങളിൽ അഞ്ച്‌ മണിക്ക് ശേഷം പരിശോധന നടത്തും. മാനദണ്ഡങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടയ്ക്കും. പാവറട്ടി, മണലൂർ പഞ്ചായത്തുകളിൽ കുട്ടികളിലും പ്രായമായവരിലും രോഗവ്യാപനം കൂടുതലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അവരെ പുറത്തിറങ്ങാൻ അനുവദിക്കരുത്.