കൊടുങ്ങല്ലൂർ : അഴീക്കോട്, മുനമ്പം ജെട്ടികളിൽ ഊന്നുകുറ്റികളുടെ നിർമാണം പൂർത്തിയായി. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി, കൊച്ചി കപ്പൽനിർമാണശാലയിൽനിന്ന് ജങ്കാറും അഴീക്കോട് കായലിലെത്തി. ഇനി എപ്പോൾ വേണമെങ്കിലും കഴിഞ്ഞ രണ്ടരവർഷമായി തീരദേശവാസികൾ കാത്തിരിക്കുന്ന ജങ്കാർ സർവീസിന് തുടങ്ങാം.
പുഴയിൽ സ്ഥാപിച്ചിട്ടുള്ള ബൊള്ളാർഡ് പോസ്റ്റിൽ റബ്ബർ ഫെൻഡർ സ്ഥാപിച്ചാൽ അടുത്ത ആഴ്ചയിലെ ആദ്യദിവസങ്ങളിൽ ജങ്കാർ ഓടിത്തുടങ്ങും. 2018 മേയ് മാസത്തിലാണ് ഊന്നുകുറ്റി പുഴയിൽ കടപുഴകി വീണതിനെത്തുടർന്ന് ജങ്കാർ നിർത്തിവെച്ചത്. തുടർന്ന് രണ്ടുവർഷത്തോളം പദ്ധതി പൂർണ സ്തംഭനത്തിലായിരുന്നു.
പിന്നീട് 47 ലക്ഷം രൂപയ്ക്ക് ഊന്നുകുറ്റി നിർമാണം ഒരു കമ്പനി ഏറ്റെടുത്ത് പൂർത്തിയാക്കുകയായിരുന്നു. ഇതിനിടയിൽ അറ്റകുറ്റപ്പണികളും മറ്റും വേണ്ടിവന്നതിനെത്തുടർന്ന് കൊച്ചി കപ്പൽനിർമാണശാലയിലേക്ക് മാറ്റുകയായിരുന്നു. അറ്റകുറ്റപ്പണിപൂർത്തിയാക്കി ബുധനാഴ്ച ജങ്കാർ മുനമ്പത്ത് കൊണ്ടുവന്നു