തൃശ്ശൂർ: വനംവകുപ്പിലെ യൂണിഫോം ജീവനക്കാരുടെ കോൺഗ്രസ് സംഘടന ഒന്നടങ്കം എൻ.സി.പി.യിൽ ചേർന്നു. ഇതോടെ വനംവകുപ്പിൽ അംഗീകാരമുള്ള പ്രതിപക്ഷ സംഘടന ഇല്ലാതായി. കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷനാണ് പേരുപോലും മാറ്റാതെ ഭാരവാഹികൾ ഒന്നടങ്കം എൻ.സി.പി.യിലേക്ക് പോയത്. ഇതിന്റെ സംസ്ഥാനസമിതിയോഗം കഴിഞ്ഞദിവസം തിരുവനന്തപുരത്തെ എൻ.സി.പി. സംസ്ഥാനകമ്മിറ്റി ഓഫീസിലാണ് ചേർന്നത്. യോഗത്തിൽ എൻ.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും പങ്കെടുത്തു. എൻ.സി.പി. നേതൃത്വം അംഗീകരിച്ച് പ്രവർത്തിക്കുമെന്ന പ്രമേയവും ഇവർ പാസാക്കി.

ഇതോടെ കോൺഗ്രസിന് സംഘടനയില്ലാതായി. പുതിയ സംഘടന ഉണ്ടാക്കുക എളുപ്പമാവില്ല. വനംവകുപ്പിന്റെ അംഗീകാരമുള്ള സംഘടന രൂപവത്കരിക്കാൻ 25 ശതമാനം ജീവനക്കാരുടെ പിന്തുണവേണം. വനംവകുപ്പിൽ കെ.എഫ്.എസ്.എ. ഉൾപ്പെടെ രണ്ടു സംഘടനകൾക്ക് മാത്രമാണ് അംഗീകാരം ഉണ്ടായിരുന്നത്. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷനാണ് മറ്റൊന്ന്.

കോൺഗ്രസ് നേതാക്കളുടെ ഫലപ്രദമായ ഇടപെടലില്ലായ്മയാണ് സംഘടന മൊത്തത്തിൽ നഷ്ടപ്പെടാൻ കാരണമെന്ന് മുൻ ഭാരവാഹികൾക്ക് അഭിപ്രായമുണ്ട്. അഞ്ചുവർഷം പ്രതിപക്ഷ രാഷ്ട്രീയത്തിനൊപ്പം നിന്നിട്ടും ഇവർക്കുവേണ്ട പിന്തുണ കിട്ടിയില്ല. ഇനിയും പ്രതിപക്ഷത്ത് നിൽക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് ഇവർ. വനംവകുപ്പ് എൻ.സി.പി.യുടെ കൈവശമാണെന്നത് കളംമാറ്റത്തിന് പ്രേരണയായി.