വടക്കാഞ്ചേരി : ഒലിച്ചിയെ ഒരേസമയം വിനോദസഞ്ചാരകേന്ദ്രമാക്കുവാനും ജലസമ്പുഷ്ടമാക്കുവാനുമുള്ള വരവൂരിന്റെ സ്വപ്നം സഫലമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സമഗ്ര നീർത്തട പദ്ധതിക്കായി വരവൂർ പഞ്ചായത്തിൽ സർവേ ആരംഭിച്ചു.

ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ പി.ഡി. സിന്ധുവിന്റെ നേതൃത്വത്തിൽ ഒലിച്ചി വെള്ളച്ചാട്ടം, പഞ്ചായത്തിലെ കോഴിക്കോട്ട് കുളം, ഉത്തരകുളം എന്നിവ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു. 41.58 കോടി രൂപയുടെ സമഗ്രവികസനമാണ് നടപ്പാക്കുന്നത്. കൃഷി, ജലസേചനം, മണ്ണുസംരക്ഷണം, ഗ്രാമീണ തൊഴിലുറപ്പ്, ജല അതോറിറ്റി, മത്സ്യം, ക്ഷീര വികസനം, വനം, ഭൂജലവിഭാഗം, ടൂറിസം, റവന്യൂ, ആയുർവേദം തുടങ്ങി വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയുടെ ഫണ്ടുകൾ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.

വനം വകുപ്പിന്റെ അധീനതയിലുള്ള പ്രദേശമായതിനാൽ ഒലിച്ചി ടൂറിസം നടപ്പിലാക്കുന്നതിനായി വനം വകുപ്പിന്റെ അനുമതി തേടും. നീരുറവ നിലയ്ക്കാത്ത ഒലിച്ചിയുടെ വെള്ളം തടയണ കെട്ടി സംഭരിച്ചാൽ വരവൂരിന്റെ വേനൽക്കാലത്തെ വരൾച്ചയെയും അതിജീവിക്കാൻ പ്രയാസപ്പെടേണ്ടിവരില്ല.

വരവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുനിത, വൈസ് പ്രസിഡന്റ്‌ കെ.കെ. ബാബു, ജില്ലാ പഞ്ചായത്ത് അംഗം പി. സാബിറ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വിമല പ്രഹ്ളാദൻ, യശോദ മണി, ടി.എ. ഹിദായത്തുള്ള, അംഗങ്ങളായ ജിഷ, സജിഷ്, പ്രദീപ് തുടങ്ങിയവരും ജലസേചന വകുപ്പ് അസി. എൻജിനീയർ ധന്യ, വനം വകുപ്പിലെ ഉദയകുമാർ, തൊഴിലുറപ്പ് എൻജിനീയർ സിന്ധു, കുടുംബശ്രീ ചെയർപേഴ്സൺ റസിയ, പഞ്ചായത്ത് അസി. സെക്രട്ടറി എം.കെ. ആൽഫ്രെഡ് തുടങ്ങിയവരും ഉൾപ്പെട്ട സംഘമാണ് പ്രോജക്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി പദ്ധതിപ്രദേശങ്ങളിൽ സന്ദർശനം നടത്തിയത്.സർവേ ആരംഭിച്ചു