കുന്നംകുളം : മലങ്കര ഓർത്തഡോക്സ് സഭയും മലബാർ സ്വതന്ത്രസുറിയാനിസഭയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിച്ച് കുന്നംകുളം സെയ്ന്റ് തോമസ് കിഴക്കേ പുത്തൻപള്ളിയിൽ പുലിക്കോട്ടിൽ തിരുമേനിയുടെ ഓർമപ്പെരുന്നാൾ തുടങ്ങി. വർഷങ്ങൾക്കുമുമ്പ് നഷ്ടപ്പെട്ട ചടങ്ങാണ് രണ്ട് സഭകളിലെയും മെത്രാപ്പൊലീത്തമാർ ചേർന്ന് ധൂപപ്രാർഥനയിലൂടെ വിളക്കിച്ചേർത്തത്.

കിഴക്കേ പുത്തൻപള്ളി പെരുന്നാളിന്റെ ഭാഗമായി സന്ധ്യാനമസ്‌കാരത്തിനുശേഷമുള്ള അങ്ങാടിചുറ്റിയുള്ള പ്രദക്ഷിണം മലബാർ സ്വതന്ത്രസുറിയാനിസഭയുടെ സെയ്ന്റ് തോമസ് കുരിശുപള്ളിയിലെത്തിയാണ് തിരിച്ചുവരുന്നത്. ഈ സമയം കുരിശുപള്ളിയിൽ പ്രത്യേകപ്രാർഥന നടത്താറുണ്ട്. മുമ്പ് പ്രദക്ഷിണത്തെ സ്വീകരിക്കുന്ന പതിവുമുണ്ടായിരുന്നു.

മലബാർ സ്വതന്ത്രസുറിയാനിസഭയുടെ പരമാധ്യക്ഷൻ സിറിൽ മാർ ബസേലിയോസ്, മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം ഭദ്രാസന സഹായമെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് എന്നിവർ ചേർന്ന് കുരിശുപള്ളിയിൽ ധൂപപ്രാർഥന നടത്തി. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള വിശ്വാസികളും വൈദികരും ചടങ്ങിൽ പങ്കെടുത്തു. കിഴക്കേ പുത്തൻപള്ളിയിലെ ഓർമപ്പെരുന്നാളിന്റെ ഭാഗമായുള്ള വിശുദ്ധകുർബാന വ്യാഴാഴ്‌ച രാവിലെ എട്ടരയ്ക്ക് നടക്കും. കാലംചെയ്ത മാർതോമ പൗലോസ് ദ്വിതീയൻ കാതോലിക്കബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച സ്മാരകകുടീരവും വിശ്വാസികൾക്ക് സമർപ്പിക്കും. ഭദ്രാസന സെക്രട്ടറിയും വികാരിയുമായ ഫാ. ജോസഫ് ചെറുവത്തൂർ, പ്രിനു വർക്കി, സരുൺ പി. വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകും.