മുരിയാട് : വാഹനം ഓടിക്കാൻ അറിയില്ലെങ്കിലും പഞ്ചായത്തിലെങ്ങും ഓടിയെത്താറുള്ള വൈസ് പ്രസിഡന്റ് ഷീലാ ജയരാജിന്റെ അപകടമരണം മുരിയാടിന് വേദനയായി. ജനസേവനത്തിനായി ജാഗ്രതയോടെ പ്രവർത്തിച്ച ജനപ്രതിനിധിയെയാണ് മുരിയാടിന്‌ നഷ്ടമായത്. മരണത്തിലേക്ക് മടങ്ങുന്ന നേരത്തും കോവിഡനന്തര ചികിത്സയിൽ കഴിയുന്നവർക്ക് നൽകാനുള്ള ആയുർവേദ മരുന്നുകളായിരുന്നു കൈയിൽ.

ബുധനാഴ്ച രാവിലെ പഞ്ചായത്ത് ഓഫീസിൽ കന്നുകുട്ടിപരിപാലന പരിപാടിയിൽ പങ്കെടുത്തശേഷമാണ് മരുന്നെടുക്കാനായി ആനന്ദപുരം ആയുർവേദ ആശുപത്രിയിലേക്ക് പോയത്. സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ രതി ഗോപിയുടെ സ്കൂട്ടറിന് പിറകിലിരുന്നായിരുന്നു യാത്ര. മടക്കത്തിലായിരുന്നു ദാരുണാന്ത്യം. പഞ്ചായത്തിലും വാർഡിലും പാർട്ടി നോക്കാതെ ജനങ്ങളുടെ എല്ലാ കാര്യത്തിനും മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്നു ഇവർ. കോവിഡ്‌ പ്രതിേരാധ പ്രവർത്തനങ്ങൾക്കായി മുഴുവൻ സമയവും മാറ്റിവെച്ചു. കോവിഡ് സ്ഥിരീകരിച്ചവർക്ക് വൈദ്യസഹായവും മരുന്നും ഭക്ഷണവും എത്തിക്കാൻ രാത്രിയും പകലും ഓടിനടന്നു. കോവിഡ് വാക്സിൻ വിതണവും കാര്യക്ഷമമായി നടത്താൻ നേതൃത്വം നൽകി.

സി.പി.ഐ. അംഗമായി പൊതുപ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഷീലാ ജയരാജ് ആദ്യമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്. ഭരണസമിതിയിലെ എൽ.ഡി.എഫ്. ധാരണപ്രകാരമാണ് സി.പി.ഐ. പ്രതിനിധിയായ ഷീലാ ജയരാജ് വൈസ് പ്രസിഡന്റായത്. സി.പി.ഐ. മുരിയാട് ലോക്കൽ അസി. സെക്രട്ടറി, മഹിളാസംഘം പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയംഗം, ഏഴുവർഷമായി പുല്ലൂർ സർവീസ് സഹകരണബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങളിലും പ്രവർത്തിച്ചുവന്നു. ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ലൈബ്രേറിയനായ ഷീലാ ജയരാജ് ലൈബ്രറി പ്രവർത്തനങ്ങളിലും സജീവമായിരുന്നു. തുറവൻകാട് ജയകേരള വായനശാലാ എക്സിക്യുട്ടീവ് അംഗവുമാണ്. സ്കൂട്ടർ ഓടിക്കാൻ അറിയാത്തതിനാൽ, സൈനികസേവനത്തിൽനിന്ന് വിരമിച്ച ഭർത്താവ് ജയരാജിനൊപ്പമാണ് ദിവസവും പഞ്ചായത്തോഫീസിൽ എത്താറുള്ളത്. ബുധനാഴ്ച രാവിലെ നേരത്തേ തുടങ്ങുന്ന പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിക്കും പഞ്ചായത്തംഗങ്ങൾക്കുമൊപ്പം പഞ്ചായത്തിന്റെ ഔദ്യോഗികവാഹനത്തിലാണ് ഷീലാ ജയരാജ് എത്തിയത്. പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അധ്യക്ഷയായിരുന്നു ഷീലാ ജയരാജ്.