പാവറട്ടി : കെ.എസ്.ഇ.ബി. പാവറട്ടി ഇലക്ട്രിക് സെക്ഷനുകീഴിൽ ഏരിയൽ ബഞ്ചഡ് കേബിളുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. വൈദ്യുത ലൈനുകൾ കേബിളുകൾ ആകുന്നതോടെ കമ്പികൾ പൊട്ടിവീണുള്ള അപകടങ്ങളും പ്രസരണനഷ്ടവും ഒഴിവാക്കാൻ കഴിയും. നിലവിലെ ഇലക്ട്രിക് ലൈനുകൾ ഒഴിവാക്കിയാണ് പുതിയ കേബിളുകൾ സ്ഥാപിക്കുക.

കാറ്റിലും മഴയിലും മരച്ചില്ലകൾ വീണ് കമ്പി തകരാറിലായി വൈദ്യുതി മുടങ്ങുന്ന പതിവ് ഇല്ലാതാകും. പാവറട്ടി സെന്റർ, പൂവത്തൂർ സെന്റർ, കിഴക്കേത്തല, ചിറ്റാട്ടുകര അങ്ങാടി എന്നിവിടങ്ങളിലാണ് ജോലികൾ നടക്കുന്നത്. പ്രദേശത്തെ എല്ലാ ലൈനുകളിലും കാലക്രമേണ കേബിളുകളിലേക്ക് മാറും. സാധാരണ കേബിളുകളെ അപേക്ഷിച്ച് ഏറെ ചെലവേറിയ പ്രവൃത്തിയാണിത്. നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കേണ്ട തിരക്കിലാണ് കെ.എസ്.ഇ.ബി. അധികൃതർ.