അതിരപ്പിള്ളി : വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ നൽകി. സർക്കാരിന്റെയും സന്നദ്ധസംഘടനകളുടെയും അധ്യാപകരുടെയും പൂർവ്വ വിദ്യാർഥികളുടെയും സുമനസ്സുകളുടെയും ശ്രമഫലമായാണ് എല്ലാ വിദ്യാർഥികൾക്കും മൊബൈൽ ഫോണോ ടാബ്‌ലെറ്റോ ലാപ്‌ടോപ്പോ നൽകിയത്‌.

മലയോര ആദിവാസിമേഖലയുടെ പരിമിതമായ സാഹചര്യത്തിൽനിന്നാണ് വെറ്റിലപ്പാറ സ്‌കൂൾ ഈ നേട്ടം കരസ്ഥമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് സമ്പൂർണ ഡിജിറ്റൽ പഠനോപകരണ പ്രഖ്യാപനവും ലാപ്പ്ടോപ്പുകളുടെ വിതരണോദ്ഘാടനവും നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് അധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി 43 പട്ടികവർഗ വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു.

പ്രധാനാധ്യാപിക എ.കെ. ലീന, ജില്ലാ പഞ്ചായത്തംഗം ജെനീഷ് പി. ജോസ്, എ.ഇ.ഒ. പ്രദീപ്, പഞ്ചായത്തംഗങ്ങളായ സൗമിനി മണിലാൽ, സനീഷ ഷെമി, ബ്ലോക്ക് പഞ്ചായത്തംഗം ഷാന്റി ജോസഫ്, പി.ടി.എ. പ്രസിഡന്റ് സി.ജി. നളൻ, പ്രിൻസിപ്പൽ ഇൻചാർജ് ജിജുമോൻ തുടങ്ങിയവർ പ്രസംഗിച്ചു.