വടക്കാഞ്ചേരി : കുറുമാൽ മിച്ചഭൂമി കോളനിയിലെ വീടിനുള്ളിൽ കണ്ട അഴുകിയ ജഡം വീട്ടുടമ കുരിശിങ്കൽ ഡെന്നി(41)യുടേതെന്ന് സ്ഥിരീകരിച്ചു. ദിവസങ്ങളുടെ പഴക്കമുള്ള ജഡം തിരിച്ചറിയാനാകാത്തവിധം വികൃതമായിരുന്നു. ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെയാണ് സമീപവാസികൾ വിവരം അറിഞ്ഞത്.

ഡെന്നി തനിച്ചാണ് താമസം. നെല്ലങ്കരയിൽനിന്ന്‌ ഇവിടെ വന്ന് താമസമാക്കിയ ഇയാൾ മരംമുറിക്കാരനാണ്. ലഹരിക്കടിമയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നും ഇയാളെ പുറത്തുകണ്ടവരാരുമില്ല. വീടിന്റെ വാതിൽ തുറന്നുകിടന്നതും പുറത്ത് കാണപ്പെട്ട രക്തക്കറയുള്ള മരവടിയും മരണത്തിൽ ദുരൂഹതയുളവാക്കുന്നു.

പോസ്റ്റ്മോർട്ടത്തിൽ മുഖത്ത് അടിയേറ്റതിന്റെ തെളിവുകൾ കണ്ടതോടെ കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കുറുമാലിലെ വീട്ടിൽ അവസാനം ഡെന്നിയോടൊപ്പമെത്തിയ വ്യക്തിയെക്കുറിച്ചാണ് അന്വേഷണം.