ചെറുതുരുത്തി : രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ റിപ്പബ്ലിക് ദിനത്തിൽ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ മനുഷ്യജാലിക ദേശമംഗലത്ത് നടക്കും. 26-ന് വൈകീട്ട് നാലിന് ദേശമംഗലം കൂട്ടുപാതയിൽ ആരംഭിക്കുന്ന മനുഷ്യജാലിക അഞ്ചിന് ദേശമംഗലത്ത് എത്തിച്ചേരും. തുടർന്ന് സമ്മേളനം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുന ശൈഖുൽ ജാമിയ്യ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
6.30-ന് അസ്ഥിത്വം അവകാശം ഇന്ത്യ തേടുന്നു എന്ന വിഷയത്തിൽ നടക്കുന്ന സൗഹാർദസംവാദത്തിൽ ഡോ. ഹാരിസ് ഹുദവി കുറ്റിപ്പുറം, സി.ആർ. നീലകണ്ഠൻ, എം.എം. അബ്ദുസമദ്, അഡ്വ. വി.ആർ. അനൂപ് തുടങ്ങിയവർ പങ്കെടുക്കും.
മനുഷ്യജാലികയുടെ ഭാഗമായി വിഖായ നിർമിക്കുന്ന ഉദ്യാനം സമസ്ത തലപ്പിള്ളി താലൂക്ക് പ്രസിഡന്റ് പി.വൈ. ഇബ്രാഹിം അൻവരി സമർപ്പിക്കും. രാവിലെ എട്ടിന് നടക്കുന്ന പല്ലൂർ കുഞ്ഞിത്തങ്ങൾ മഖാം സിയാറത്തിന് ദേശമംഗലം റെയ്ഞ്ച് എസ്.കെ.ജെ.എം. പ്രസിഡന്റ് ഷൗക്കത്തലി ദാരിമി നേതൃത്വം നൽകും.
ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് മനുഷ്യജാലികയുടെ ഭാഗമാകുന്നവർക്കായി കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ച്, വൈവിധ്യമാർന്ന പരിപാടികളാണ് ഒരുക്കുന്നതെന്ന്് സ്വാഗതസംഘം വർക്കിങ് ചെയർമാൻ ഷെഹീർ ദേശമംഗലം, ഷിയാസ് അലി വാഫി, ഹംസക്കുട്ടി മൗലവി, മാലിക് പുതുശ്ശേരി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.