തൃശ്ശൂർ : ജില്ലയിൽ പ്ലസ് വണ്ണിന് ആദ്യ ദിവസമായ വ്യാഴാഴ്ച 165 സ്കൂളുകളിലായി 8,298 പേർ പ്രവേശനം നേടി. 18,037 സീറ്റാണ് ജില്ലയിലുള്ളത്. സ്കൂളിലെത്താനും പ്രവേശനനടപടിക്കും കൃത്യമായ സമയം നിശ്ചയിച്ചുകൊടുത്തിരുന്നു. കൃത്യമായ ഇടവേളകളിൽ വിദ്യാർഥികൾ രക്ഷിതാക്കൾക്കൊപ്പമെത്തി പ്രവേശനം നേടി. ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസ് അടച്ച് സ്ഥിരപ്രവേശനം നേടിയപ്പോൾ മറ്റ് ഓപ്ഷനുകളിൽ അലോട്ട്‌മെന്റ് ലഭിച്ചവർ താത്‌കാലിക പ്രവേശനമാണ് തിരഞ്ഞെടുത്തത്. നാലുദിവസംകൂടി പ്രവേശനത്തിന് അവസരം ഉണ്ട്.

പട്ടികജാതി- 189, പട്ടികവർഗം- 2111, ഭിന്നശേഷിക്കാർ- 355 എന്നിങ്ങനെ സീറ്റ് ഒഴിവുണ്ട്. അവസാന അലോട്ട്‌മെന്റിലും ഈ വിഭാഗത്തിൽപ്പെട്ടവർ പ്രവേശനം നേടിയില്ലെങ്കിൽ ആ സീറ്റുകൾകൂടി ജനറൽ വിഭാഗത്തിലേക്കു പരിഗണിക്കും.പ്ലസ് വണ്ണിനും വി.എച്ച്.എസ്.ഇ.ക്കുംകൂടി ജില്ലയിൽ 39,000 സീറ്റ് ഉണ്ട്.

ആകെ 40,486 അപേക്ഷകരാണ് ഉള്ളത്. എസ്.എസ്.എൽ.സി. ജയിച്ചവർക്കെല്ലാം പ്രവേശനം നേടാനാവും എന്നാണ് കണക്കാക്കുന്നത്.