തൃശ്ശൂർ : ജില്ലയിൽനിന്ന്‌ ആറ് സംരംഭകർക്ക് പ്രധാനമന്ത്രി യുവയോജന 2.0 പുരസ്കാരം. കേന്ദ്ര നൈപുണിവികസന സംരംഭകത്വ മന്ത്രാലയം നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പൈലറ്റ് പദ്ധതിയാണിത്. യുവാക്കളെ തൊഴിൽ അന്വേഷകരെന്നതിൽനിന്ന് സംരംഭകത്വത്തിലേക്കും സംരംഭകർ എന്ന നിലയിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ കേരളത്തിലെ നിർവഹണ ഏജൻസി കുടുംബശ്രീയാണ്.

മികച്ച പുതിയ സംരംഭങ്ങൾക്കുള്ള പുരസ്കാരത്തിന് ശ്യാമ സുരേഷ്, റസീനാബി എന്നിവരും, ഈ വിഭാഗത്തിലെ പ്രത്യേക ജൂറി പരാമർശത്തിന് എം.എസ്. ധന്യയും അർഹരായി. മികച്ച സ്കെയിൽ അപ് സംരംഭങ്ങൾക്കുള്ള പുരസ്കാരത്തിന് ജില്ലയിൽനിന്ന് ശരണ്യ സനീഷ്, വി.എ. ശരത് എന്നിവരും പ്രത്യേക ജൂറി പരാമർശത്തിന് സിനി നിധിനുമാണ് അർഹരായത്. ജില്ലാ മിഷനും പുരസ്കാരമുണ്ട്.

തദ്ദേശമന്ത്രി എം.വി. ഗോവിന്ദനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

‘ക്യാരി മീ’യുമായി ശരണ്യ സനീഷ്

‘ക്യാരി മീ’ പരിസ്ഥിതിസൗഹൃദ ബാഗുകൾ നിർമിച്ചാണ് പാവറട്ടി സ്വദേശി ശരണ്യ സനീഷ് സംസ്ഥാനതലത്തിൽ രണ്ടാമതും ജില്ലാതലത്തിൽ ഒന്നാമതുമെത്തി പുരസ്കാരം നേടിയത്. പേപ്പർ, ജൂട്ട്, തുണി എന്നിവകൊണ്ടുള്ള ബാഗുകളാണ് ശരണ്യയുടെ ക്യാരി മീ പുറത്തിറക്കുന്നത്. 2019-ൽ തുടങ്ങിയ സംരംഭം പൂർണമായും പ്ലാസ്റ്റിക്മുക്ത വിപണനരീതി തുടരുന്നു.

യൂട്യൂബിൽ ബാഗുകളുണ്ടാക്കുന്നത് കണ്ടുപഠിച്ചശേഷമാണ് ശരണ്യ സ്വയം തൊഴിൽ രംഗത്തേക്കെത്തിയത്.