ഇരിങ്ങാലക്കുട : സംസ്ഥാനത്തെ റോഡുകളിൽ അശാസ്ത്രീയവും ചട്ടവിരുദ്ധവുമായി നിർമിച്ച ഹമ്പുകൾ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ഇരിങ്ങാലക്കുട സ്വദേശി ജെയിംസ് അവറാൻ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ സർക്കാരിന്റെ പേരിൽ കേസെടുത്തത്.

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും പൊതുമരാമത്ത് റോഡുകളിലുമായി അറുപതിനായിരത്തോളം ഹമ്പുകളാണുള്ളത്. അശാസ്ത്രീയവും ചട്ടവിരുദ്ധവുമായി നിർമിച്ച ഈ ഹമ്പുകൾ ദിനംപ്രതി ഒട്ടേറെ അപകടങ്ങൾക്കും മരണങ്ങൾക്കും കാരണമാകുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു.

ഇന്ത്യൻ റോഡ് കോൺഗ്രസ് വ്യക്തമായി നിർവചിച്ചിരിക്കുന്ന രീതിയിൽ നിർമിച്ചിരിക്കുന്ന ഒരുശതമാനംപോലും ഹമ്പ്‌ കേരളത്തിലില്ല. നിശ്ചിതസമയപരിധിക്കുള്ളിൽ അനാവശ്യ ഹമ്പുകൾ നീക്കംചെയ്യണം. ഇല്ലെങ്കിൽ ഓരോ അപകടത്തിനും ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേരിൽ കേസെടുക്കണമെന്നും യാത്രക്കാർക്കുണ്ടാകുന്ന നഷ്ടങ്ങളും സാമ്പത്തികച്ചെലവുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന്‌ ഈടാക്കണമെന്നും പരാതിയിൽ പറയുന്നു.