പെരിഞ്ഞനം : ജീവിതശൈലീ രോഗങ്ങളിൽനിന്ന് മുക്തി നേടാനും ആരോഗ്യമുള്ള മനസ്സും ശരീരവും വാർത്തെടുക്കാനുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പെരിഞ്ഞനത്തെ ഒരുകൂട്ടം വനിതകൾ. പെരിഞ്ഞനം പഞ്ചായത്തിലെ പ്രതീക്ഷ സാർക്ക് ഇൻഡോർ സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള ഹെൽത്ത് ക്ലബ്ബാണ് ഈ പെൺപടയുടെ ആരോഗ്യ സംരക്ഷണത്തിനുള്ളയിടം. ദിവസവുമുള്ള വ്യായാമ പരിശീലനങ്ങൾക്കു പുറമേ ഷട്ടിലും യോഗയും എയ്റോബിക്സും നൃത്തവും പാട്ടുമൊക്കെയായി കോവിഡ് കാലത്തെ മാനസിക സമ്മർദങ്ങളെ അതീജീവിച്ചു വിദ്യാർഥിനികൾ മുതൽ വീട്ടമ്മമാർവരെ ഉൾപ്പെടെയുള്ളവർ മുന്നേറുകയാണിവിടെ.
ഒട്ടേറെ സേവന പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധയാകർഷിച്ച പെരിഞ്ഞനം വെസ്റ്റിലെ പ്രതീക്ഷ കലാ സാംസ്കാരിക കേന്ദ്രം പഞ്ചായത്തിനു നൽകിയ സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള ഇൻഡോർ സ്റ്റേഡിയം പണിതത്. കായിക മത്സരങ്ങൾക്കുള്ള വേദിയൊരുക്കുകയും ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും വനിതകൾക്കു കൂടി പ്രാതിനിധ്യം ഉറപ്പാക്കുകയും ചെയ്യാനുമുള്ള ലക്ഷ്യത്തോടെയാണ് സ്റ്റേഡിയത്തിൽ വനിതാ ഹെൽത്ത് ക്ലബ്ബ് കൂടി വേണമെന്ന ആശയം പിറന്നത്. ഓഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയത്തിൽ കോവിഡ് പ്രതിസന്ധി മൂലം മത്സരങ്ങളൊന്നും നടത്താൻ കഴിഞ്ഞില്ലെങ്കിലും ഹെൽത്ത് ക്ലബ്ബ് സജീവമാക്കാനായിരുന്നു പഞ്ചായത്തധികൃതരുടെ തീരുമാനം. സമീപ പ്രദേശങ്ങളിലുള്ള വനിതകൾ തന്നെ ആദ്യം മുന്നോട്ടു വന്നതോടെ ഹെൽത്ത് ക്ലബ്ബ് ഉണർന്നു. രാവിലേയും വൈകീട്ടുമായി ആറുമുതൽ പത്തുമണി വരെയാണ് ക്ലബ്ബിന്റെ പ്രവർത്തനം. ക്ലബ്ബിൽ ചേരുന്നവർക്ക് ഇപ്പോൾ മെമ്പർഷിപ്പും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രെഡ്മിൽ, ഫിറ്റ് മസാജർ, ഡംപ് ബെൽ തുടങ്ങി രണ്ടര ലക്ഷം രൂപയുടെ വ്യായാമ ഉപകരണങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡ് പ്രതിസന്ധിക്കുശേഷം പ്രവർത്തനം വിപുലമാക്കാനാണ് അധികൃതരുടെ തീരുമാനം.