റാപ്പിഡ് റെസ്‌പോൺസ് ടീമെത്തും വീടുകളിൽ
അനധികൃത ചന്തകൾ തടയും
തൃശ്ശൂർ : ശക്തൻ പച്ചക്കറിച്ചന്ത അടച്ചതോടെ തുറന്ന അനധികൃത ചന്തകൾ തടയാൻ തീരുമാനം. കോവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കർശന നടപടികളാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ അവലോകന യോഗത്തിലാണ് തീരുമാനം.
അടച്ചിടൽ വേണ്ടി വരുന്ന സാഹചര്യത്തിൽ കൂടിയാലോചിച്ച് നടപ്പാക്കാമെന്ന് മന്ത്രി പറഞ്ഞു. അതിനിയന്ത്രിത മേഖലയായ 31 പഞ്ചായത്തുകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. താലൂക്ക് അടിസ്ഥാനത്തിൽ എം.എൽ.എ. മാർ, തഹസിൽദാർമാർ, ജനപ്രതിനിധികൾ, കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവരുടെ അടിയന്തരയോഗം വിളിക്കും. സെക്ടറൽ മജിസ്ട്രേറ്റുമാർ പോലീസുമായി സഹകരിച്ച് പരിശോധന കർശനമാക്കും. തിരക്ക് കൂടുന്ന വൈകുന്നേരങ്ങളിലാണ് പരിശോധന കർശനമാക്കുക.
27-ന് റാപ്പിഡ് റെസ്‍പോൺസ് ടീം വീടുകളിൽ ബോധവത്കരണ സന്ദേശം നൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് വാർഡ് തല പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക. കോവിഡ് നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നടപടി സ്വീകരിക്കാം.
ഈ ഒരാഴ്ചക്കാലം ചികിത്സാരംഗത്ത് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിർദേശിച്ചു. യോഗത്തിൽ ചീഫ് വിപ്പ് കെ. രാജൻ, എം.എൽ.എ. മാരായ മുരളി പെരുനെല്ലി, ബി.ഡി. ദേവസി, ഇ.ടി. ടൈസൺ, കളക്ടർ എസ്. ഷാനവാസ്, എ.ഡി.എം. റെജി ജോസഫ്, ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡി.പി.എം. ഡോ. സതീശൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി. ആർ. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.