ഒല്ലൂർ : മലയാളികളുടെ ജ്ഞാനഗുരുവും പൊതുസമൂഹത്തിന്റെ ജാഗ്രതയുമായിരുന്ന ഡോ.സുകുമാർ അഴീക്കോടിന്റെ ഒമ്പതാം ചരമവാർഷിക ദിനമായ ഞായറാഴ്ച എരവിമംഗലത്തെ സ്മാരക മന്ദിരത്തിൽ അനുസ്മരണച്ചടങ്ങ് നടക്കും. രാവിലെ 10-ന് സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രസിഡൻറ് വൈശാഖൻ, ചീഫ് വിപ്പ് കെ. രാജൻ, ജയരാജ് വാര്യർ തുടങ്ങിയവർ പങ്കെടുക്കും.
സാംസ്കാരിക വകുപ്പ് ഏറ്റെടുത്ത ഈ സ്മാരകത്തിന്റെ വിപുലീകരണത്തിന് സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടും ഒന്നും നടന്നില്ല. മരണാനന്തരച്ചടങ്ങുകൾക്ക് ശേഷം നിമജ്ജനം ചെയ്യേണ്ട അഴീക്കോടിന്റെ ചിതാഭസ്മം ഇപ്പോഴും ഇവിടെ അലമാരയിൽ പൂട്ടിവെച്ചിരിക്കുകയാണ്.
അഴീക്കോടിന്റെ സൃഷ്ടികളടക്കം പതിനായിരത്തിലേറെ പുസ്തകങ്ങളും അമൂല്യ ഗ്രന്ഥശേഖരവും ഇവിടെയുണ്ട്. അദ്ദേഹം ഉപയോഗിച്ച വസ്ത്രങ്ങൾ, പേനകൾ, കണ്ണട, ഉപഹാരങ്ങൾ, ബഹുമതികൾ, പുരസ്കാരങ്ങൾ എന്നിവയുടെ ബൃഹത് ശേഖരവും ഈ വീട്ടിലുണ്ട്.
ഇതൊരു മഹത്തായ സ്മാരക മ്യൂസിയമായി ഉയർത്തുമെന്നും അഴീക്കോടിന്റെ ആരാധകർക്കും ഗവേഷണ വിദ്യാർഥികൾക്കും റഫറൻസിനും മറ്റും ഉപകരിക്കുംവിധത്തിൽ ഇവിടെ സന്ദർശനത്തിനും പഠനത്തിനും സൗകര്യമൊരുക്കുമെന്നുമായിരുന്നു അക്കാദമി പ്രഖ്യാപിച്ചിരുന്നത്.
അദ്ദേഹത്തിന്റെ നൂറുകണക്കിന് പ്രഭാഷണങ്ങളുടെ ശബ്ദശേഖരം പ്രഭാഷണ വിദ്യാർഥികൾക്കും പഠിതാക്കൾക്കും സദാ കേൾക്കാൻ കഴിയുന്നവിധം ഡിജിറ്റൽ സംവിധാനങ്ങളോടെ, ദൃശ്യങ്ങൾ സഹിതം, നൂതന സാങ്കേതികവിദ്യയിലൂടെ മന്ദിരത്തിൽ പ്രകമ്പനം കൊള്ളിക്കുമെന്ന വാഗ്ദാനവും ഉണ്ടായിരുന്നു.
എന്നാൽ അഴീക്കോടിന്റെ വേർപാടിനു ശേഷം വീടിനു മുന്നിൽ ഒരു ബോർഡ് സ്ഥാപിച്ചതല്ലാതെ മറ്റൊന്നും സാംസ്കാരിക വകുപ്പ് ചെയ്തിട്ടില്ല. ചീഫ് വിപ്പ് കെ. രാജൻ ഇടപെട്ട് 50 ലക്ഷം രൂപ ഫണ്ട് ലഭിച്ചെങ്കിലും തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ വന്നതിനാലാണ് നിർമാണം തടസ്സപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.
അഴീക്കോടിന്റെ പേരിലുള്ള സ്മാരകം ഇനിയും തഴയപ്പെടരുതെന്നും അദ്ദേഹത്തിന്റെ മാഹാത്മ്യം പരിഗണിച്ചെങ്കിലും മികച്ചരീതിയിൽ തന്നെ ഈ മന്ദിരം പുനരുദ്ധരിക്കണമെന്നും ഡോ.സുകുമാർ അഴീക്കോട് സ്മാരക ഫൗണ്ടേഷൻ സെക്രട്ടറി ജയരാജ് വാര്യർ പറഞ്ഞു