തൃശ്ശൂർ : വടക്കുന്നാഥക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവന്ന കൂത്തുത്സവം ശനിയാഴ്ച സമാപിക്കും. 56 ദിവസമാണ് ഈ വർഷം കൂത്തുത്സവം അരങ്ങേറിയത്. അമ്മന്നൂർ കുട്ടൻചാക്യാരുടെ നേതൃത്വത്തിലാണ് കൂത്തുത്സവം നടന്നത്.

ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം എന്നിവ ഇതിന്റെ ഭാഗമായി അരങ്ങേറി. കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം കൂത്തുത്സവം മുടങ്ങുന്ന സ്ഥിതി ഇത്തവണയുണ്ടായിരുന്നു.

ചേർപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സർവമംഗള ട്രസ്റ്റാണ് ഇത്തവണ കൂത്തുത്സവം സ്പോൺസർ ചെയ്തത്. സ്പോൺസർമാരെയും കൂത്തുത്സവത്തിന് നേതൃത്വം നൽകിയ അമ്മന്നൂർ കുട്ടൻചാക്യാരെയും ശനിയാഴ്ച ആദരിക്കും. കൂടിയാട്ടത്തിന് മുന്നോടിയായി, വൈകീട്ട് നാലുമണിക്ക്‌ നടക്കുന്ന ചടങ്ങിലാണ് ഇവരെ ആദരിക്കുക.

കൂത്തുത്സവത്തിൽ ഇന്ന്

:സംവരണരാജാവ് സേവകനായ പരാശര്യനൊത്ത് ഉദ്യാനത്തിൽ ഇരിക്കുന്നതാണ് അവതരിപ്പിക്കുന്നത്. രാജ്ഞിയായ മാലിനിയെ കാത്താണ് ഇവർ ഇരിക്കുന്നത്. സേവകനോട് രാജാവ് ഉദ്യാനത്തെക്കുറിച്ച് വിശദമായി സംസാരിക്കുന്നു.

വൈകീട്ട് നാലരമുതൽ എട്ടരവരെയാണ്‌ പരിപാടി