കാഞ്ഞിരക്കോട് : കാഞ്ഞിരക്കോട് തോട്ടുപാലം മുതൽ ജുമാ മസ്ജിദ് വരെയുള്ള തോടിന്റെ സംരക്ഷണഭിത്തിയും സംസ്ഥാനപാതയും ഇടിയുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. അടുത്തിടെ മഴ ശക്തമായതും ചാത്തൻചിറ തുറന്ന് തോട്ടിലൂടെ നീരൊഴുക്ക് കൂടിയതുമാണ് വിനയായത്. ഇവിടെ തോടിനും പാതയ്ക്കും ഇടയിൽ സൂചനാ സിഗ്നൽ കുറ്റികളില്ല. വളവുകളിൽ പുല്ല് നിറഞ്ഞതും അപകടം കൂട്ടുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ചരക്കുവാഹനം തോട്ടിലേക്ക് ചെരിഞ്ഞിരുന്നു. വർഷങ്ങൾക്കുമുമ്പ് നൂറുൽ ഇസ്ലാം മദ്രസ്സയ്ക്ക് സമീപം തകർന്ന കലുങ്കിന്റെ സംരക്ഷണഭിത്തി കെട്ടി, റോഡ് സംരക്ഷിക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.

ചാവക്കാട്-വടക്കാഞ്ചേരി പാത നവീകരണത്തിന്റെ ഭാഗമായി മങ്ങാട് തോട്ടുപാലം മുതൽ കാഞ്ഞിരക്കോട് തോട്ടുപാലം വരെയുള്ള പ്രവൃത്തി നടക്കുന്നുണ്ട്. ആദ്യഘട്ട ടാറിടൽ പൂർത്തീകരിച്ചശേഷം മഴക്കാലമായതോടെ നിർമാണം നിലച്ചു. എന്നാൽ കാഞ്ഞിരക്കോട് തോടിന്റെ സംരക്ഷണഭിത്തി പുനർനിർമിക്കുകയോ ബലപ്പെടുത്തുകയോ ചെയ്യാതെയാണ് പാത നവീകരിക്കുന്നത്. പാടശേഖരത്തിലെ ഇടുങ്ങിയ കലുങ്കുകൾ വീതികൂട്ടാതെ ടാറിട്ടതിലും നാട്ടുകാരിൽ അമർഷമുണ്ട്. അപകടങ്ങൾ പെരുകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരുനടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്. എത്രയുംവേഗം തോടിന്റെ സംരക്ഷണഭിത്തി പുനർനിർമിച്ച് പാത സംരക്ഷിക്കണമെന്നാണ് ആവശ്യം.