പീച്ചി : കുഞ്ഞുഡെയിൻ വെള്ളത്തിൽ മുങ്ങിത്താഴുന്ന കാഴ്‌ച കണ്ടുനിൽക്കാൻ ജിസ്‌നയ്ക്കും ദിൽജയ്ക്കും കഴിഞ്ഞില്ല. നീന്തൽ അറിയില്ലെങ്കിലും ഒരാൾ വെള്ളത്തിലേക്ക് എടുത്തുചാടിയപ്പോൾ സുരക്ഷയുടെ കൈകളുമായി കൂട്ടുകാരി കരയിൽ കാത്തുനിന്നു. പീച്ചി ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനികളായ കൂട്ടുകാരികളുടെ ഇടപെടൽമൂലം മൂന്നുവയസ്സുകാരനായ ഡെയിൻ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി. തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് 3.30-നായിരുന്നു സംഭവം.
കനാലിന്റെ സമീപത്ത് താമസിക്കുന്ന വെളിയത്ത്പറമ്പിൽ ബെന്നിയുടെ മകനാണ് ഡെയിൻ. ഡെയിനും കൂട്ടുകാരും കനാലിനരികിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ കാലുതെറ്റി നല്ല ഒഴുക്കുള്ള പീച്ചി ഇടതുകര കനാലിന്റെ പട്ടിലുംകുഴി ഭാഗത്ത് വീണു. ഈ സമയത്ത് കൂട്ടുകാരി ദിൽജയുടെ വീട്ടിലേക്കെത്തിയതാണ് ജിസ്‌ന. കുട്ടി വെള്ളത്തിൽ വീണത് ഇരുവരും കണ്ടു. കുട്ടി ഒഴുക്കിൽ നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ മറ്റുള്ളവരെ വിളിച്ചുകൂട്ടാൻ സമയമില്ലായിരുന്നു. ഉടൻ ജിസ്‌ന വെള്ളത്തിലേക്ക് എടുത്തുചാടുകയും ദിൽജ കരയിൽനിന്ന് രണ്ടുപേരെയും കൈനീട്ടി വലിച്ചുകയറ്റുകയുമായിരുന്നു.
സ്കൂളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് ജിസ്നയും ദിൽജയും. അടിയന്തരസമയത്ത് പ്രതികരിക്കാനുള്ള ശേഷി എസ്.പി.സി. പരിശീലനത്തിലൂടെ ലഭിച്ചതാണെന്ന് ഇരുവരും പറഞ്ഞു. വിലങ്ങന്നൂർ സ്വദേശി ജോയ്‌പോൾ-മേരി ദമ്പതിമാരുടെ മകളാണ് ജിസ്ന. പൊതുപ്രവർത്തകനായ ജിസ്മോൻ ജോയ് സഹോദരനാണ്. പട്ടിലുംകുഴി രാജൻ-ജയശ്രീ ദമ്പതിമാരുടെ മകളാണ് ദിൽജ. സഹോദരൻ ദിൽരാജ്.
വിവരമറിഞ്ഞ് സ്കൂൾ പ്രിൻസിപ്പൽ സി.കെ. ഷെറീന, പ്രധാനാധ്യാപകൻ പി.ജെ. ബിജു, സി.പി.ഒ. വി. സുകുമാരൻ, പി.ടി.എ. പ്രസിഡന്റ് ചാക്കോ എബ്രഹാം എന്നിവർ വിദ്യാർഥിനികളെ അഭിനന്ദിച്ചു.