തൃപ്രയാർ : ആൽഫ പാലിയേറ്റീവ് കെയർ എടമുട്ടത്ത് 15 മെഷീനുള്ള ഡയാലിസിസ് സെന്റർ തുറന്നു. തീരദേശത്തെ നിർധനരായ നിരവധി വൃക്കരോഗികൾക്ക് ഗുണകരമാണ് ആൽഫയുടെ സൗജന്യ ഡയാലിസിസ് സേവനം. ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയർ അഖിലേന്ത്യാ പ്രസിഡന്റും ന്യൂഡൽഹി എയിംസ് ഓങ്കോ- അനസ്‌തേഷ്യ ആൻഡ് പാലിയേറ്റീവ് കെയർ തലവനുമായ ഡോ. സുഷമ ഭട്‌നാഗർ ഓൺലൈനായി സെന്റർ ഉദ്ഘാടനം ചെയ്തു. ആൽഫ ട്രസ്റ്റ്‌സ് ചെയർമാൻ കെ.എം. നൂർദ്ദീൻ അധ്യക്ഷനായി. ദിവസേന മൂന്ന് ഷിഫ്റ്റിലായി മാസംതോറും ആയിരത്തിലേറെ ഡയാലിസിസുകൾ ചെയ്തുനൽകാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ നിർവഹണത്തിന് വൊളന്റിയർ സേവനം ലഭ്യമാക്കുന്നതിനായി സന്നദ്ധരായവരെ ഉൾപ്പെടുത്തി കമ്മിറ്റികൾ രൂപവത്കരിക്കുമെന്ന് കെ.എം. നൂർദ്ദീൻ പറഞ്ഞു.
വൃക്കരോഗം മൂർച്ഛിച്ചവരിൽ ഭൂരിപക്ഷംപേരും വിവിധ കാരണങ്ങളാൽ വൃക്ക മാറ്റിവെയ്ക്കാൻ സാധിക്കാത്തവരാണ്. ഇവരുടെ എണ്ണമാകട്ടെ കേരളത്തിൽ വർധിച്ചുവരുകയാണ്. ഇത്തരക്കാർക്ക് ഡയാലിസിസ് കൂടാതെ ജീവൻ നിലനിർത്താനാവില്ല. ചികിത്സച്ചെലവുകളും അനുബന്ധമരുന്നുകളും ഇവരെ കൂടുതൽ കടക്കെണിയിലാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സൗജന്യമായി ഡയാലിസിസ് ചെയ്യാൻ പതിനഞ്ച് ജർമൻനിർമിത യന്ത്രങ്ങളുൾപ്പെടെയുള്ള വിപുലമായ സൗകര്യങ്ങളോടെ ഡയാലിസിസ് സെന്റർ തുറന്നതെന്നും കെ.എം. നൂർദ്ദീൻ പറഞ്ഞു.
ആൽഫ പാലിയേറ്റീവ് കെയർ ഗവേണിങ് കൗൺസിൽ അംഗവും സി.ഇ.ഒ.യുമായ കെ.എ. കദീജാബി, ആൽഫ കമ്യൂണിറ്റി ഡയറക്ടർ സുരേഷ് ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.