തൃശ്ശൂർ : കാക്കിയിട്ട് തോക്കേന്തി, നാടിന് കാവലാളാകാൻ തിരഞ്ഞെടുക്കപ്പെട്ട 112 ആദിവാസി യുവതീ-യുവാക്കൾ പരിശീലനത്തിനു മുൻപേതന്നെ പരിശീലനകേന്ദ്രമായ പോലീസ് അക്കാദമിയിലെത്തി. കേരള പോലീസ് സേനയിലേയ്ക്കുള്ള രണ്ടാമത് സ്പെഷ്യൽ റിക്രൂട്ട്മെൻറ് സേനാംഗങ്ങളാണിവർ. ഇവരുടെ പരിശീലനം കേരള പോലീസ് അക്കാദമിയിൽ തുടങ്ങാനിരിക്കെയാണ് പുതിയതായി സ്ഥാനമേറ്റ അക്കാദമി െട്രയിനിങ് ഐ.ജി. പി. വിജയനെ കാണാനായി എത്തിയത്.
ഇവരിൽ പത്തിലേറെപേർ പഠനകാലത്തുതന്നെ സ്റ്റുഡൻറ് പോലീസ് കേഡറ്റായവരാണ്. പരസ്പരം സംവദിച്ചും ഗോത്രഗീതങ്ങളും നാടൻപാട്ടും പാടിയും ഒരുമയോടെ പരിശീലനത്തിന് തയ്യാറാവാൻ അദ്ദേഹം മാർഗനിർദേശം നൽകി. ആദിവാസികൾ ആദിമനിവാസികളെന്നും അവരാണ് ഗുരുക്കന്മാരുടെയും പരമ്പരകളുടെയും ആദ്യകണ്ണിയെന്നും പി. വിജയൻ പറഞ്ഞു.
ഐ.പി.ആർ.ടി.സി.യുടെ കീഴിലാണ് ഇവർക്ക് പരിശീലനം.
77 പുരുഷന്മാരും 38 സ്ത്രീകളും അടങ്ങുന്നതാണ് ബാച്ച്.
ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡന്റ് ആൻഡ് ഐ.പി.ആർ.ടി.സി. ഡയറക്ടർ ഇൻ ചാർജ് വിവേക് കുമാർ, പോലീസ് അക്കാദമി അസിസ്റ്റൻറ് ഡയറക്ടർ കെ.കെ. അജി എന്നിവരും പങ്കെടുത്തു.