മലക്കപ്പാറ : കനത്തമഴയെത്തുടർന്ന് വീരൻകുടി ഊരിൽ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും. തുടർന്ന് വനമധ്യത്തിൽ കഴിഞ്ഞിരുന്ന വീരൻകുടി ഊരിലെ ഒൻപത് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അപകടഭീഷണിയെത്തുടർന്ന് ആനമല റോഡിൽനിന്ന് നാല് കിലോമീറ്ററിലേറെ അകലെനിന്നാണ് ഇവരെ മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റിയത്. കോളനിയുടെ സമീപത്തുള്ള തോട്ടിലാണ് കഴിഞ്ഞ ദിവസം മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും ഉണ്ടായത്. മണ്ണിടിച്ചിൽ ഭയന്ന് മാസങ്ങൾക്കുമുന്പ് ഈ മേഖലയിലെ 11 കുടുംബങ്ങൾ ഇവിടെനിന്നും ഇടമലയാർ അണക്കെട്ടിന്റെ പരിസരത്തേക്ക് പലായനം ചെയ്തിരുന്നു.

മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് വീരൻകുടി കോളനിയിലെ 21 പേരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത് മലക്കപ്പാറയിലെ കമ്മ്യൂണിറ്റി ഹാളിലാണ്. ബുധനാഴ്ച വൈകീട്ട് എത്തിയ ഇവർ ഹാളിൽ വെള്ളവും വെളിച്ചവുമില്ലാത്തതിനാൽ ദുരിതത്തിലായിരുന്നു. ഹാളിലെ വയറിങ്ങും വെള്ളമെത്തിക്കുന്ന മോട്ടോറും തകരാറിലായിരുന്നു. പെട്ടന്ന് മാറ്റിപ്പാർപ്പിക്കേണ്ടിവന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ ബുദ്ധിമുട്ടി. എന്നാൽ വ്യാഴാഴ്ചയോടെ അടിസ്ഥാനസൗകര്യങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു.