പെരുമ്പിലാവ് : വളയംകുളത്ത് മൊബൈൽ കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം. വ്യാഴാഴ്ച പുലർച്ചെയാണ് ആയിഷ മൊബൈൽസിൽ മോഷണം നടന്നത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. പത്ത് പുതിയ മൊബൈലുകളും, നന്നാക്കാൻ കടയിൽ എത്തിച്ച മൊബൈലുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ചങ്ങരംകുളം പോലീസ് പരിശോധന നടത്തി.

കല്ലുംപുറത്ത് മൂന്ന് കടകളിൽ മോഷണശ്രമം നടന്നു. ആർ.വി. സ്റ്റോഴ്‌സ്, ബീറ്റ ഇലക്ട്രിക്കൽസ്, ഫാമിലി ബേക്കറി എന്നീ സ്ഥാപനങ്ങളുടെ ഷട്ടറുകളാണ് പൊളിച്ചത്. ഒന്നും നഷ്ടപ്പെട്ടതായി അറിവില്ല. സമീപത്തുള്ള മൊബൈൽ കടയിലെ സി.സി.ടി.വി. ക്യാമറ മോഷ്ടാക്കൾ തിരിച്ചുവെച്ച നിലയിലാണ്. എന്നാൽ, സമീപത്തെ തന്നെ സൂപ്പർ മാർക്കറ്റിലെ ക്യാമറയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. രണ്ടുപേർ ബൈക്കിലെത്തി ഷട്ടർ പൊളിക്കുന്നതാണ് കാണുന്നത്. വ്യാഴാഴ്ച പുലർച്ചെ രണ്ടിനും രണ്ടരക്കും ഇടയ്ക്കാണ് സംഭവം. കുന്നംകുളം എസ്.എച്ച്.ഒ. സി.സി. സൂരജിന്റെ നേതൃത്വത്തിൽ പോലീസ് എത്തി പരിശോധന നടത്തി.