ചാവക്കാട് : ചക്കംകണ്ടത്ത് വീടുകയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേരെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. എളവള്ളി കാക്കശ്ശേരി മരോട്ടിക്കൽ ഷെഹീൽ (24), പാടൂർ മമ്മസ്രായില്ലത്ത് സിയാദ് (24) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ. കെ.എസ്. സെൽവരാജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം അറസ്റ്റിലായ പ്രതികളും മറ്റ് നാലുപേരും ചേർന്ന് ചക്കംകണ്ടം പുതുവീട്ടിൽ മനാഫിന്റെ വീട്ടിൽ അക്രമം നടത്തുകയും മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്.

മൂന്ന് മാസം മുമ്പ് പഞ്ചാരമുക്കിൽ വെച്ച് മനാഫിനെ പ്രതികൾ ഉൾപ്പെടെയുള്ളവർ ചേർന്ന് ആക്രമിച്ചിരുന്നു. തലയ്ക്ക്‌ സാരമായി പരിക്കേറ്റതിനെ തുടർന്ന് 63 തുന്നലുകൾ ഇടേണ്ടിവന്നു. കാലുകൾ ഒടിയുകയും ചെയ്തു. ഈ കേസിൽ സിയാദ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായെങ്കിലും ഷെഹീൽ ഒളിവിലായിരുന്നു. കഴിഞ്ഞദിവസമാണ് റിമാൻഡിലായിരുന്ന സിയാദ് ജാമ്യത്തിലിറങ്ങിയത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പ്രതികൾ മോഷണം, പിടിച്ചുപറി, കൊലപാതകശ്രമം എന്നീ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ളവരാണെന്ന് പോലീസ് പറഞ്ഞു.

സി.പി.ഒ.മാരായ ശരത്ത്, ഷിനു, ജിബി ജോർജ്, ഷൈജു എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.