അതിരപ്പിള്ളി : കനത്ത കാറ്റിലും മഴയിലും മലയോരമേഖലയിൽ ആറിടത്ത്് മരം വീണ് വൈദ്യുതി മുടങ്ങി. പരിയാരം വൈദ്യുതി സെക്ഷന് കീഴിലുള്ള എലിഞ്ഞിപ്ര കനാൽപ്പാലം, തൂമ്പാക്കോട് ടെലിഫോൺ എക്സ്‌ചേഞ്ചിന് സമീപവും കൊന്നക്കുഴി, പൊകലപ്പാറ, കണ്ണൻകുഴി, കുറ്റിച്ചിറ സെക്ഷനിലെ രണ്ടുകൈ മേഖലകളിലുമാണ് മരങ്ങൾ വീണത്.

ബുധനാഴ്ച രാവിലെ ആറുമണിയോടെ കണ്ണൻകുഴി ട്രാൻസ്‌ഫോർമറിനു സമീപമുള്ള ലൈനുകളിൽ വട്ടമരം വീണു. വൈദ്യുതി വകുപ്പ് ജീവനക്കാർ മരം മുറിച്ചുമാറ്റി ഉച്ചയ്ക്ക്‌ ഒരുമണിയോടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.

തുമ്പാക്കോട്ട് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മരം വീണത്. പൊകലപ്പാറ ആദിവാസി ഊരിലേക്കുള്ള വൈദ്യുതി ലൈനുകളിൽ ചൊവ്വാഴ്ച രാത്രി വീണ മരം വെട്ടിമാറ്റി വൈകീട്ട് നാലുമണിയോടെ വൈദ്യുതി എത്തിച്ചു. കാലവർഷം കനത്തതോടെ വൈദ്യുതി ലൈനുകളിൽ മരം വീണ് മലയോരമേഖലയിൽ വൈദ്യുതി തടസ്സം പതിവായിട്ടുണ്ട്.