കൊടുങ്ങല്ലൂർ : എടവിലങ്ങിൽ വീണ്ടും മോഷണം. കാര കർമലമാതാ പള്ളിയുടെ കീഴിലുള്ള കാര സെന്ററിന് പടിഞ്ഞാറുള്ള സെയ്ന്റ് ജോസഫ് കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചു.

ബുധനാഴ്ച പുലർച്ചെ രണ്ടരയോടെ സൈക്കിളിൽ വന്ന ഒരാളാണ് മോഷണം നടത്തിയതെന്ന് സമീപത്തുള്ള വീട്ടിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സൈക്കിൾ സ്റ്റാൻഡിൽ വെച്ച് കുറച്ചുസമയം പരിസരം നിരീക്ഷിച്ചശേഷം സൈക്കിളിൽ വെച്ചിരുന്ന ആയുധമെടുത്തുകൊണ്ടുവന്ന് കപ്പേളയുടെ ഇരുമ്പ് ഗ്രില്ലിന്റെ താഴ് തകർത്ത് ഗ്രില്ലിനോട് ചേർന്ന് സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തിത്തുറന്നാണ് പണം മോഷ്ടിച്ചത്. ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽനിന്ന്‌ പോലീസിന് ലഭിച്ചു.

മോഷ്ടാവിന്റെ ദൃശ്യം വ്യക്തമല്ല. രണ്ടാഴ്ചയിലെ പണം ഭണ്ഡാരത്തിലുണ്ടാകുമെന്നാണ് കപ്പേളയുമായി ബന്ധപ്പെട്ടവർ പറയുന്നത്. കൊടുങ്ങല്ലൂർ പോലീസ് പരിശോധന നടത്തി കേസെടുത്തു.

അതേസമയം, ചൊവ്വാഴ്ച എടവിലങ്ങ് ചന്തയുടെ സമീപത്തെ പതപ്പുള്ളി ഷാനവാസിന്റെ വീട് കുത്തിത്തുറന്ന് 28 പവൻ സ്വർണം കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.

പോലീസ് നായ എത്തിയെങ്കിലും മഴപെയ്തതുമൂലം കൂടുതൽ തെളിവുകൾ ലഭിച്ചില്ല. വിരലടയാളവിദഗ്ധരും തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സ്വർണം നഷ്ടപ്പെട്ട മുറിയിലെ ജനലിൽനിന്ന്‌ ഒരു കത്തിയും ഒരു പ്ലഗ്ഗും കുറച്ച് വയറും വീട്ടുകാർ കണ്ടെത്തി പോലീസിന് കൈമാറി. സമീപത്തെ മറ്റു വീടുകളിലെ നിരീക്ഷണ ക്യാമറകളും പോലീസ് പരിശോധിച്ചുവരുന്നു.കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു