ചാലക്കുടി : മേലൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനജീവിതം ദുസ്സഹമാക്കിയ ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ ശാശ്വത പരിഹാരം തേടി ശാസ്ത്രസാഹിത്യപരിഷത്ത് സംഘം പൂലാനി മേഖല സന്ദർശിച്ചു. ഒച്ചുകളെ കൂടുതലായ കണ്ടുവരുന്ന പ്രദേശങ്ങളിലെ വീടുകൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു.

സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തന പരിപാടി തയ്യാറാക്കി പഞ്ചായത്തിന് സമർപ്പിക്കും. തുടർന്ന് പരിഷത്ത് ചാലക്കുടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.

കേരള കാർഷിക സർവകലാശാല റിട്ട. ഡീനും എന്റമോളജിസ്റ്റുമായ ഡോ. ജിം തോമസിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ പരിഷത്ത് സംസ്ഥാന സമിതി അംഗം വി.ജി. ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗം ടി.വി. ബാലൻ,മേഖല കമ്മിറ്റി അംഗങ്ങളായ പി.കെ. രവീന്ദ്രൻ, ടി.എസ്. മനോജ്, അഞ്ജലി രവികുമാർ,പൂലാനി യൂണിറ്റ് സെക്രട്ടറി എം.ആർ. അഭിന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.