ഇരിങ്ങാലക്കുട : കാരുകുളങ്ങരയിൽ ബുധനാഴ്ച രാത്രി വീട് ഭാഗികമായി കത്തിനശിച്ചു. കാരുകുളങ്ങര പാട്ടത്തിൽ സുരേഷ് ബാബുവിന്റെ ഓടിട്ടവീടാണ് വൈകീട്ട് കത്തിനശിച്ചത്. കാരണം വ്യക്തമല്ല.

സംഭവസമയത്ത് സുരേഷ് ബാബുവും 86 വയസ്സുള്ള മാതാവ് സരസ്വതിയമ്മയും ഹോം നഴ്സുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.

ആർക്കും അപായമില്ല. ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂറിലേറെ പ്രയത്നിച്ചാണ് തീയണച്ചത്. അടുക്കളയിലെ ഗ്യാസ് സിലിൻഡറുകൾ അഗ്നിരക്ഷാസേന മാറ്റിയതിനാൽ വലിയ ദുരന്തം ഒഴിവായി. തീപ്പിടിത്തത്തിൽ വീട്ടുപകരണങ്ങളും കത്തിനശിച്ചിട്ടുണ്ട്.

ഓടിക്കൂടിയ നാട്ടുകാരാണ് പോലീസിലും അഗ്നിരക്ഷാനിലയത്തിലും വിവരമറിയിച്ചത്. സ്റ്റേഷൻ ഓഫീസർ വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാഗംങ്ങളായ നിധീഷ്, വിനീഷ്, അഭിമന്യു, എ.വി. റെജു എന്നിവരാണ്‌ തീയണച്ചത്. ഇരിങ്ങാലക്കുട എസ്.ഐ. വി. ജിഷിലിന്റെ നേതൃത്വത്തിൽ പോലീസ് സംഘവും എത്തിയിരുന്നു.